എനിക്കും ആസിഫ് അലി ഉൾപ്പെടെ ഉള്ളവർക്കും എതിരെ വന്നത് വ്യാജ പരാതികൾ: ആഭ്യന്തര കുറ്റവാളി നിർമാതാവ്

വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ തങ്ങൾ നിയമപോരാട്ടങ്ങൾ തുടരുമെന്നും നൈസാം സലാം പറഞ്ഞു

dot image

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ റിലീസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നിർമാതാവ് നൈസാം സലാം. ചില വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യങ്ങളുടെയും ഗൂഢാലോചനയുടെയും ഭാഗമായാണ് തനിക്കെതിരെയും ആസിഫ് അലി ഉൾപ്പടെയുള്ള അണിയറപ്രവർത്തകർക്കെതിരെയും വ്യാജ പരാതികൾ പല കോടതികളിലായി സമർപ്പിക്കപ്പെട്ടത്. പ്രസ്തുത കോടതികളെ തെറ്റിദ്ധരിപ്പിച്ചത് മൂലം സിനിമയുടെ റിലീസ് തടയുകയുമുണ്ടായി. എന്നാൽ തനിക്കോ മറ്റ് അണിയറപ്രവർത്തകർക്കോ കേട്ട് കേൾവി പോലുമില്ലാത്ത സാമ്പത്തിക തട്ടിപ്പ് എന്ന പേരിലുള്ള വ്യാജ ആരോപണങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത് എന്ന് നൈസാം സലാം വ്യക്തമാക്കി.

ഈ ആരോപണങ്ങൾക്ക് എതിരെ ഒന്നും തന്നെ പ്രതികരിക്കാതെ നിയമപരമായി പോരാടാനായിരുന്നു തങ്ങളുടെ തീരുമാനം. സിനിമയ്‌ക്കെതിരെ അനീഷ് പി കെ എന്ന വ്യക്തി നേടിയ സ്റ്റേ എറണാകുളം ജില്ലാ കോടതി റദ്ദാക്കുകയും വിവേക് വിശ്വനാഥൻ നായർ സമ്പാദിച്ച സ്റ്റേ എറണാകുളം സബ്കോടതി റദ്ദാക്കുകയും ചെയ്തു. മേൽപ്പറഞ്ഞ വ്യക്തികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ വസ്തുത ഉൾക്കൊണ്ടായിരിക്കണം കോടതികൾ തനിക്ക് അനുകൂലമായി ഉത്തരവുകൾ പുറപ്പെടുവിച്ചത് എന്നും നൈസാം സലാം പറഞ്ഞു. ഈ വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ തങ്ങൾ നിയമപോരാട്ടങ്ങൾ തുടരുമെന്നും നൈസാം സലാം വ്യക്തമാക്കി.

ആലപ്പുഴ ചമ്പക്കുളം സ്വദേശി പി കെ അനീഷ്, ഹരിപ്പാട് സ്വദേശി വിവേക് വിശ്വനാഥൻ എന്നിവരായിരുന്നു സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ പരാതി നൽകിയത്. നിർമാണവുമായി ബന്ധപ്പെട്ട് വിവിധ തവണകളായി പണം നൽകിയെന്നും പിന്നീട് പറ്റിക്കപ്പെട്ടു എന്നും അണിയറക്കാർ മറ്റൊരു നിർമാതാവിനെ കണ്ടെത്തിയെന്നുമായിരുന്നു പി കെ അനീഷിന്റെ പരാതി.

സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്നിൽ നിന്നും തിരുവനന്തപുരം സ്വദേശിയും നിർമ്മാതാവുമായ ആർ തൗഫീഖ് കരാര്‍ പ്രകാരം 1.55 കോടിയോളം രൂപ കൈപ്പറ്റുകയും തുടർന്ന് കരാറിന് വിരുദ്ധമായി സിനി ആർട്ടിസ്റ്റിനെ എഗ്രിമെന്റിൽ ഏർപ്പെടുത്തുകയും തന്നെ ഒഴിവാക്കുകയുമായിരുന്നെന്ന് വിവേക് കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായും തൗഫീഖ്, നൈസാം ഫിലിം പ്രൊഡക്ഷൻ, നവീൻ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത്, സേതുനാഥ്, വി എസ് അഭിലാഷ് എന്നിവർക്ക് പങ്കുണ്ടെന്നും വിവേക് ആരോപിച്ചിരുന്നു.

Content Highlights: Abhyanthara Kuttavali producer on the complaint against the movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us