മമ്മൂട്ടി വേണ്ട മമ്മൂട്ടി ചേട്ടൻ മതി, നിർദ്ദേശം മമ്മൂക്കയുടേത്, രാവിലെ എത്തി സീൻ റീ ഡബ്ബ് ചെയ്‌തു: ആസിഫ് അലി

'അദ്ദേഹത്തിന് ആ സിനിമയോടുള്ള പാഷനാണ് അത്. ഈ സിനിമ കഴിഞ്ഞിട്ട് അദ്ദേഹത്തെ കാണുമ്പോൾ എനിക്കുള്ള എക്സൈറ്റ്മെന്റ് ഇതൊക്കെയായിരുന്നു'

dot image

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ ചിത്രമാണ് രേഖാചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ അവസാനം 'പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി' എന്നായിരുന്നു ആദ്യം ഡബ്ബ് ചെയ്തിരുന്നത് എന്നും എന്നാൽ മമ്മൂട്ടി എന്നതിന് പകരം മമ്മൂട്ടി ചേട്ടൻ എന്ന് മാറ്റണമെന്നത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നുവെന്നും പറയുകയാണ് നടൻ ആസിഫ് അലി. മമ്മൂക്ക യാത്ര പോകുന്ന ദിവസം രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയിൽ എത്തിയാണ് ആ സീൻ റീ ഡബ്ബ് ചെയ്തത്. അത്രത്തോളം സമർപ്പണവും പാഷനും അദ്ദേഹത്തിന് സിനിമയോടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

'രേഖാചിത്രത്തിൽ ആദ്യം ഡബ്ബ് ചെയ്തത് പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി എന്നായിരുന്നു. മമ്മൂട്ടി എന്നതിൽ നിന്ന് മമ്മൂട്ടി ചേട്ടൻ എന്ന് ആ ഡയലോ​ഗ് മാറ്റി പറയണമെന്നുള്ളത് മമ്മൂക്കയുടെ തന്നെ തീരുമാനമായിരുന്നു. മമ്മൂക്ക ഒരു ഇന്റർനാഷ്ണൽ ട്രിപ്പ് പോകുന്നതിന്റെ തലേ ദിവസം രാത്രിയിലാണ് അദ്ദേഹം ജോഫിന് മെസേജ് അയച്ച് വെളുപ്പിന് 6 മണിക്ക് ഡബ്ബിം​ഗ് കറക്ഷൻ ഉണ്ട് വരണം എന്നു പറ‍ഞ്ഞത്. അദ്ദേഹം ​ഗസ്റ്റ് അപ്പിയറൻസിൽ അഭിനയിച്ച ഒരു പടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നമ്മൾ ആലോചിക്കണം. യാത്രപോകുന്ന ദിവസം രാവിലെ അദ്ദേഹം അഞ്ചര മണിക്ക് എത്തി ആറ് മണിക്ക് ഡബ്ബ് ചെയ്ത് ഏഴുമണിക്ക് എയർപോർട്ടിലേക്ക് പോയി. ആ കമ്മിറ്റ്മെന്റ് നമ്മൾ ആലോചിക്കണം. അദ്ദേഹത്തിന് ആ സിനിമയോടുള്ള പാഷനാണ് അത്. ഈ സിനിമ കഴിഞ്ഞിട്ട് അദ്ദേഹത്തിനെ കാണുമ്പോൾ എനിക്കുള്ള എക്സൈറ്റ്മെന്റ് ഇതൊക്കെയായിരുന്നു', ആസിഫ് അലി പറഞ്ഞു.

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ അനശ്വര രാജനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിനെ പ്രശംസിച്ച് നടി കീർത്തി സുരേഷ് പോസ്റ്റുമായി എത്തിയിരുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥയാണെന്നും ഓരോ വിശദാംശങ്ങളും അത്ഭുതപ്പെടുത്തിയെന്നും നടി കുറിച്ചു. ആസിഫ് അലി, അനശ്വര രാജൻ, ജോഫിൻ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോൺ മന്ത്രിക്കൽ, രാമു സുനിൽ, അപ്പു പ്രഭാകർ, ഷമീർ മുഹമ്മദ് തുടങ്ങിയവരെയും കീർത്തി പ്രശംസിച്ചു.

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

Content Highlights: Mammootty redubbed the climax scene of Rekhachithram says Asif Ali

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us