ഗൗതം മേനോന്റെ കരിയറിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ധ്രുവനച്ചത്തിരം. സൂര്യ ഉപേക്ഷിച്ച ചിത്രം പിന്നീട് ചിയാൻ വിക്രമിലേക്ക് പോവുകയായിരുന്നു. എന്നാൽ സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടു പോകുന്നത് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചാ വിഷയവുമാണ്. ഇപ്പോഴിതാ സൂര്യ ധ്രുവനച്ചത്തിരം ഉപേക്ഷിച്ചതിലെ നിരാശ പങ്കുവെച്ചിരിക്കുകയാണ് ഗൗതം മേനോൻ.
'ധ്രുവ നച്ചത്തിരം ചെയ്യുന്നതിന് സൂര്യ രണ്ടാമതൊന്ന് ആലോചിക്കില്ല എന്നാണ് കരുതിയിരുന്നത്. എന്തെന്നാൽ കാഖ കാഖ, വാരണം ആയിരം എന്നീ സിനിമകൾ അങ്ങനെയാണ് ഉണ്ടായത്. ഞങ്ങളുടെ കയ്യിൽ ഒരു ഐഡിയ ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾ അത് വർക്ക് ചെയ്തു. വാരണം ആയിരം എന്ന സിനിമയിലെ അച്ഛൻ കഥാപാത്രത്തിനായി ആദ്യം നാന പടേക്കർ, മോഹൻലാൽ എന്നിവരെയാണ് ആദ്യം സമീപിച്ചത്. സൂര്യ അത് ചെയ്യാമെന്ന് പറയുകയായിരുന്നു. ഒരു വൃദ്ധനായ കഥാപാത്രം ചെയ്യാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. എന്നാൽ ധ്രുവ നച്ചത്തിരത്തിലേക്ക് വന്നപ്പോൾ അദ്ദേഹം അത് സ്വീകരിച്ചില്ല,' എന്ന് ഗൗതം മേനോൻ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഐഡിയ കേട്ട്, പല തവണ ചർച്ചകൾ ചെയ്തു. റഫറൻസ് എന്തെന്ന് അദ്ദേഹം പല തവണ ചോദിച്ചു. എന്നാൽ റഫറൻസ് ഇല്ല, എനിക്ക് ഒരു ഐഡിയ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ആ സിനിമയെ അദ്ദേഹം പിക്ക് ചെയ്തില്ല. കാഖ കാഖ, വാരണം ആയിരം എന്നീ സിനിമകൾ ചെയ്ത സംവിധായകനെ അദ്ദേഹത്തിന് വിശ്വസിക്കാമായിരുന്നു. ഒരു സഹായം എന്ന നിലയിലല്ല, എന്നെ വിശ്വസിക്കാനാണ് ഞാൻ പറഞ്ഞത്. എന്ത് സംഭവിക്കാനാണ്. അടുത്ത സിനിമ വരാതിരിക്കുമോ? ഞാനല്ലേ നിർമിക്കുന്നത്, എനിക്കല്ലേ പ്രശ്നം എന്ന് പറഞ്ഞു വിളിച്ചു. എന്നാൽ അത് സംഭവിച്ചില്ല. സൂര്യ ആ സിനിമ ഉപേക്ഷിച്ചു എന്നത് ഏറെ നിരാശയുണ്ടാക്കിയ കാര്യമാണ്,' എന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.
Content Highlights: Suriya shouldn't had a second thought to do DhruvaNatchathiram says Gautham Menon