ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ദേവ. പൊലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും അതാണ് താൻ ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണമെന്നും നടൻ ഷാഹിദ് കപൂർ. ഈ സിനിമ കണ്ട് കഴിഞ്ഞതിന് ശേഷവും നിങ്ങൾ അതിനെപ്പറ്റി സംസാരിക്കുമെന്നും ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ ഷാഹിദ് കപൂർ പറഞ്ഞു.
'ഞാൻ ഈ സിനിമ ചെയ്യാനുള്ള കാരണം ഇതിന്റെ ക്ലൈമാക്സ് ആണ്. നിങ്ങളെ എല്ലാവരെയും സിനിമയുടെ ക്ലൈമാക്സ് സർപ്രൈസ് ചെയ്യിപ്പിക്കും. ചിലപ്പോൾ സിനിമയെ മുഴുവനായി മനസിലാക്കാനായി രണ്ടാമതൊരു വട്ടം കൂടി പ്രേക്ഷകർ ഈ സിനിമ കാണും. വളരെ എന്റർടൈനിംഗ് ആയ സിനിമയാണ് ദേവ. ഒരിടത്തും സിനിമയുടെ വേഗത കുറഞ്ഞ് പോകില്ല. ഒരുപാട് കോംപ്ലെക്സ് ആയുള്ള ലോകങ്ങൾ ഉള്ള സിനിമ കൂടിയാണിത്', ഷാഹിദ് കപൂർ പറഞ്ഞു.
സിനിമയുടെ ട്രെയിലര്‍ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടു. 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷനും സസ്‌പെൻസും ചെയ്സും ഒക്കെ കൂടിക്കലർന്ന ഒരു ചിത്രമാകും ദേവ എന്ന സൂചനയാണ് ട്രെയിലര്‍ നൽകുന്നത്. ദേവ റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത മലയാളച്ചിത്രം മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലർ കാണുമ്പോൾ അത് ഏറെക്കുറെ സത്യമാണെന്ന് വ്യക്തമാകുന്നുവെന്നാണ് പ്രേക്ഷകര്‍ പലരും പറയുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. ചിത്രം ജനുവരി 31 ന് തിയേറ്ററിലെത്തും. ബോബി സഞ്ജയ്, ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
Content Highlights: The climax of Deva will surprise you says Shahid Kapoor