വമ്പൻ റിലീസുകളുമായി ഫെബ്രുവരി മാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാള സിനിമ. ഫെബ്രുവരി 14 വാലെന്റൈൻസ് ദിനത്തിൽ നിരവധി മലയാള സിനിമകളും ഒപ്പം ചില അന്യഭാഷാ സിനിമകളുമാണ് റിലീസിന് തയ്യാറെടുക്കുന്നത്. നിലവിൽ നാല് മലയാള സിനിമകളാണ് ഫെബ്രുവരി 14 ന് റിലീസിനൊരുങ്ങുന്നത്.
ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് 'ബസൂക്ക'. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഗെയിം ത്രില്ലർ ആയിട്ടാണ് ഒരുങ്ങുന്നത്. പക്കാ സ്റ്റൈലിഷ് ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തും. ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആവേശം എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം സജിൻ ഗോപു, ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് 'പൈങ്കിളി'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ ഫെബ്രുവരി 14 വാലെന്റൈൻസ് ദിനത്തിൽ തിയേറ്ററിലെത്തും. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സജിൻ ഗോപു, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'പൈങ്കിളി'.'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
'18 പ്ലസ്' എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രൊമാൻസ്’. അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ്, എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ബ്രൊമാൻസ് ആണ് വാലെന്റൈൻസ് ദിനത്തിൽ തിയേറ്ററിൽ എത്താനൊരുങ്ങുന്ന മറ്റൊരു മലയാള സിനിമ. അരുൺ ഡി ജോസിനൊപ്പം രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദാവീദ്'. ബോക്സിങ് പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് ദാവീദ് ഒരുങ്ങുന്നത്. ആന്റണി പെപ്പെക്കൊപ്പം വിജയരാഘവൻ, സൈജു കുറുപ്പ്, അജു വർഗീസ്, ലിജോ മോൾ, കിച്ചു ടെലസ്, ജെസ് കുക്കു നിരവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ വിദേശ താരങ്ങളും എത്തുന്നുണ്ട്. ഈ ചിത്രവും ഫെബ്രുവരി 14 നാണ് നിലവിൽ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. സംവിധായകനും ദീപുരാജീവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സെഞ്ച്വറി മാക്സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
അർജുൻ ദാസ് ചിത്രമായ 'വൺസ് മോർ' ആണ് ഈ ദിവസത്തിൽ തമിഴിൽ നിന്ന് റിലീസിനെത്തുന്ന ചിത്രം. റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹിഷാം അബ്ദുൽ വഹാബ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. വിഘ്‌നേശ് ശ്രീകാന്ത് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
മാർവെൽ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്' ഫെബ്രുവരി 14 നാണ് ആഗോള തലത്തിൽ റിലീസിനെത്തുന്നത്. 'ദ ഫാൽക്കൺ ആൻഡ് ദി വിൻ്റർ സോൾജിയർ' എന്ന ടെലിവിഷൻ മിനിസീരീസിൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 35-ാമത്തെ ചിത്രവുമാണ് ഇത്. ആൻ്റണി മാക്കി ആണ് ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്കയായി എത്തുന്നത്. 'എറ്റേർണൽസ്' എന്ന മാർവെൽ ചിത്രത്തിന്റെ തുടർച്ചയായി കൂടിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. മാൽക്കം സ്പെൽമാൻ, ദലൻ മുസ്സൺ, മാത്യു ഓർട്ടൺ എന്നിവർ ചേർന്ന് എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജൂലിയസ് ഓനാ ആണ്.
Content Highlights: List of films releasing on valentines day including bazooka