നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ചിത്രമാണ് പണി. ചിത്രം ബോക്സോഫീസ് വിജയത്തിന് ശേഷം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഒടിടിയിൽ എത്തിയതോടെ ഗൂഗിളിലും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് 'പണി'. ഗൂഗിളിൽ എന്‍റർടെയ്ൻമെന്‍റ് വിഭാഗത്തിൽ അഖിലേന്ത്യ തലത്തിൽ രണ്ടാമതായാണ് 'പണി' ഇടം നേടിയിരിക്കുന്നത്.
ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. സിനിമാ ജീവിതത്തിലെ അനുഭവ സമ്പത്തുമായാണ് തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് ജോജു പണിയുമായി എത്തിയത്. സിനിമയിൽ പ്രധാന വേഷം ചെയ്തതും ഇദ്ദേഹമായിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തിയത് അഭിനയയായിരുന്നു. സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരും അറുപതോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ഒക്ടോബർ 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ അഭിനയം മാത്രമല്ല തനിക്കുള്ളിൽ ഒരു ഫിലിം മേക്കർ കൂടിയുണ്ടെന്ന് ജോജു തെളിയിച്ചിരിക്കുകയാണ്. ഓരോ സെക്കൻഡിലും ഇനി എന്ത് സംഭവിക്കുമെന്നൊരു ആകാംക്ഷ പ്രേക്ഷകരിൽ ജനിപ്പിക്കും വിധമാണ് സിനിമയുടെ കഥാഗതി. തിരക്കഥയിൽ ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര സ്പേസ് നൽകിയാണ് ജോജു ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.
Content Highlights: Joju George film Pani has made it to the Google trending list