യുവ-കുടുംബ പ്രേക്ഷകർക്കിടയിൽ ഒരുപോലെ സ്വീകാര്യത നേടിയ നടനാണ് നിവിൻ പോളി. അടുത്തകാലത്തായി ബോക്സ് ഓഫീസിൽ മങ്ങി നിൽക്കുന്ന നടന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്നെ എന്നും ചേർത്തുപിടിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നുപോയിരുന്നത്. ആ സമയമെല്ലാം പ്രേക്ഷകരാണ് തനിക്കൊപ്പം നിന്നത് എന്നാണ് നിവിൻ പറയുന്നത്. നിലമ്പൂരിൽ നടന്ന ഗോകുലം നൈറ്റിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി.
'എനിക്കുണ്ടായ ചില ഇഷ്യൂസ് നിങ്ങൾക്ക് അറിയാമല്ലോ. ആ ഇഷ്യൂവിനു ശേഷം ഞാൻ അധികം പുറത്ത് ഇറങ്ങാറില്ല. ഗോപാലൻ ചേട്ടൻ (ഗോകുലം ഗോപാലൻ) ഒരു മെന്ററിനെയും ഒരു ജേഷ്ഠനെയും പോലെയാണ്. അദ്ദേഹം വിളിക്കുമ്പോൾ വരാതിരിക്കാൻ പറ്റില്ല. എനിക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ എന്നോടൊപ്പം നിന്നത് ജനങ്ങളാണ്, പ്രേക്ഷകരാണ്. അതിന് നന്ദി പറയാൻ ഒരു വേദി കിട്ടിയിരുന്നില്ല. ഈ വേദി അതിനായി ഉപയോഗിക്കുന്നു. നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി. വരും… ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും,' എന്ന് നിവിൻ പോളി പറഞ്ഞു.
ഒരു പ്രശ്നം ഉണ്ടായപ്പോൾ കൂടെ നിൽക്കുകയും വിശ്വസിക്കുകയും ചെയ്ത ജനങ്ങളോട് നന്ദി - നിവിൻ പോളി !! ❤️#NivinPauly @NivinOfficial pic.twitter.com/itEiZ6cLtM
— Nivin pauly crews (@Nivinpaulycrews) January 19, 2025
അതേസമയം, കഴിഞ്ഞ വർഷം രണ്ടു ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വർഷങ്ങൾക്കു ശേഷവും. നിവിൻ അതിഥിവേഷത്തിലെത്തിയ വർഷങ്ങൾക്കു ശേഷം ബോക്സ്ഓഫിസിൽ വിജയം നേടി. ചിത്രത്തിലെ നിവിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. നയൻതാര - നിവിൻ പോളി കോമ്പിനേഷനിൽ ഒരുങ്ങുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. ‘ലവ് ആക്‌ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്നു. ഒരു ഫീൽഗുഡ് എന്റർടെയ്നറായിരിക്കും സിനിമ എന്നാണ് സൂചന.
ഫാർമയെന്ന വെബ് സീരീസും നിവിൻ പോളിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ടാണ്. നിവിൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസിന്റെ സംവിധായകൻ പി.ആർ. അരുൺ ആണ്. അരുൺ തന്നെയാണ് ഫാർമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
വണ്ണം കുറച്ചുള്ള നിവിന്റെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ അടുത്തിടെ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന നടന്റെ തിരിച്ചുവരവായാണ് ആരാധകർ ചിത്രങ്ങളെ ആഘോഷമാക്കിയത്.
Content Highlights: Nivin Pauly new video gone viral