രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ തകർന്നടിയുന്ന കാഴ്ചയാണുള്ളത്. ഇതോടെ നിർമാതാവിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഇതുവരെ 124 കോടി മാത്രമാണ് സിനിമയുടെ നെറ്റ് കളക്ഷൻ. ചിത്രം ഈ വാരത്തോടെ തിയേറ്റർ വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ദിൽ രാജുവിന് 100 കോടിയിലധികം രൂപയുടെ നഷ്ടമാവും ഉണ്ടാവുക. ദിൽ രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാകും ഗെയിം ചേഞ്ചർ.
സിനിമയുടെ ഡിജിറ്റൽ അവകാശം വമ്പൻ തുകയ്ക്കാണ് ആമസോൺ പ്രൈമിന് നൽകിയിരിക്കുന്നത് എന്നാണ് വിവരം. സിനിമയുടെ ഒടിടി അവകാശം ഇല്ലാത്ത പക്ഷം നിർമാതാവിന്റ നഷ്ടം ഇതിലും വലുതാകുമായിരുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടയിൽ ദിൽ രാജുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയും നിർമ്മാതാവുമായ സിരീഷിൻ്റെ വസതിയിലും മകൾ ഹൻസിത റെഡ്ഡിയുടെ വീട്ടിലും റെയ്ഡ് നീണ്ടു.
ഗെയിം ചേഞ്ചർ, സംക്രാന്തികി വാസ്തുനം എന്നീ രണ്ടു ചിത്രങ്ങളാണ് ദിൽ രാജുവിന്റെ നിർമാണത്തിൽ പുറത്തുവന്നിരിക്കുന്നത്. വിജയ്‌യുടെ വാരിസ് എന്ന ചിത്രവും ഇദ്ദേഹമായിരുന്നു നിർമിച്ചിരുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. ദിൽ രാജുവിൻ്റെ അടുത്ത നിർമ്മാണ സംരംഭം നിതിൻ നായകനാകുന്ന തമ്മുഡാണ്.
Content Highlights: Game Changer producer to face losses up to Rs 100 crore