'ശവത്തിൽ കുത്തരുത്' എന്ന് നമ്മള്‍ സംസാരത്തിൽ പലപ്പോഴും ഉപയോഗിക്കുന്നൊരു പ്രയോഗമാണ്. ഇപ്പോഴിതാ 'ശവത്ത് കുത്ത്' എന്ന കിടിലൻ ഫാസ്റ്റ് നമ്പറുമായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സൗബിനും ബേസിലും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന 'പ്രാവിൻകൂട് ഷാപ്പി'ലെ വേറിട്ട ഗാനം. ഡാബ്‌സിയുടെ ശബ്‍ദത്തിൽ എത്തിയിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് മുഹ്‍സിൻ പരാരിയും ഈണം നൽകിയിരിക്കുന്നത് വിഷ്ണു വിജയ്‍യും ആണ്.
ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു പ്രധാന സന്ദർഭത്തിലാണ് ചിത്രത്തിൽ ഈ ഗാനം എത്തുന്നത്. ലിറിക്ക് വീഡിയോ ഇപ്പോള്‍ യൂട്യൂബിൽ എത്തിയിട്ടുണ്ട്. മലയാളത്തിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങൾ 'പ്രാവിൻകൂട് ഷാപ്പി'ലുണ്ട്. ആദ്യ ഗാനമായ 'ചെത്ത് സോങ്ങ്' ഇതിനകം തരംഗമായിട്ടുണ്ട്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം 'കെടാതെ…' എന്ന് തുടങ്ങുന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ 'പ്രേമലു'വിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയാണിത്.
സൗബിൻ ഷാഹിറും ബേസിൽ ജോസഫും കൂടാതെ ചെമ്പൻ വിനോദ് ജോസും ചാന്ദ്നിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉൾപ്പെട്ട ചിത്രം ഡാർക്ക് ഹ്യൂമറിൻ്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കി സ്വതന്ത്ര സംവിധായകനായ വിഷ്ണു വിജയ് അമ്പിളി, നായാട്ട്, ഭീമന്‍റെ വഴി, പട, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആർഇ മാനേജർ: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, ലിറിക്ക് വീഡിയോ ശരത് വിനു ഐഡന്‍റ് ലാബ്സ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.
Content Highlight: Shavat Kuth song from 'pravinkoodu shappu' released