ഖുറേഷി അബ്രാമിന് എതിരാളിയായി ചിയാനും സൽമാനും രവി മോഹനും; വമ്പൻ ഏറ്റുമുട്ടലിന് തയ്യാറെടുത്ത് ഈദ് റിലീസുകൾ

ലൂസിഫറിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന എമ്പുരാന് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.

dot image

പല ഭാഷകളിൽ നിന്നായി വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഈദ് റിലീസായി തിയേറ്ററിലേക്ക് എത്തുന്നത്. അതിൽ പല സിനിമകളും വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടുന്നതും. ഇത്തവണത്തെ ഈദിനും മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും വമ്പൻ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ എമ്പുരാൻ മാർച്ച് 27 ന് തിയേറ്ററിലെത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ചിത്രത്തിന്റെ രണ്ടു മിനിറ്റോളം ദൈർഖ്യമുള്ള ടീസർ ഉടൻ പുറത്തിറങ്ങും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന എമ്പുരാന് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന സിക്കന്ദർ ആണ് ഈദിനെത്തുന്ന മറ്റൊരു വമ്പൻ സിനിമ. സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. ചിത്രത്തിന്റെ ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പഞ്ച് ഡയലോഗുകളും സ്റ്റൈലും കൂടിക്കലർന്ന ഒരു പക്കാ മാസ് പടമാകും സിക്കന്ദർ എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഈദ് റിലീസുകളിൽ ഏറ്റവും കൂടുതൽ ഹിറ്റുകളുള്ള സൽമാന്റെ മറ്റൊരു വിജയചിത്രമാകും സിക്കന്ദർ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

തമിഴിൽ നിന്ന് രണ്ടു സിനിമകളാണ് ഈദ് റിലീസ് ആയി തിയേറ്ററിൽ എത്തുന്നത്. ചിയാൻ വിക്രം നായകനാകുന്ന വീര ധീര സൂരൻ, രവി മോഹൻ ചിത്രമായ ജീനി എന്നിവയാണ് അവ. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് വീര ധീര സൂരൻ. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ. മാർച്ച് 28 ന് ചിത്രമിറങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. നേരത്തെ ജനുവരിയിൽ പുറത്തിറങ്ങാനിരുന്ന ചിത്രം അജിത്തിന്റെ വിടാമുയർച്ചിയുടെ റിലീസിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

രവി മോഹനെ നായകനാക്കി നവാഗതനായ അർജുനൻ സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രമാണ് ജീനി. 100 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വേൽസ് ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ഇഷാരി കെ ഗണേഷാണ്, കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, കൃതി ഷെട്ടി തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. മാർച്ച് 28 നാണ് നിലവിൽ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights: Empuran, Sikandhar and several film targets Eid time

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us