രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ് ചെയ്തത്. നിർമാതാവായ ദിൽ രാജുവിന് 100 കോടിയിലധികം രൂപയുടെ നഷ്ടമാവും ചിത്രം കാരണം ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപെട്ടു മറ്റൊരു വാർത്ത പുറത്തുവരുകയാണ്.
ഗെയിം ചേഞ്ചറിന്റെ പരാജയത്തെത്തുടർന്ന് ചിത്രത്തിന്റെ നഷ്ടം നികത്താൻ ദിൽ രാജുവിനുവേണ്ടി രാം ചരൺ ഒരു ചിത്രം ഉടൻ ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. ഈ ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 124 കോടി മാത്രമാണ് സിനിമയുടെ നെറ്റ് കളക്ഷൻ. ചിത്രം ഈ വാരത്തോടെ തിയേറ്റർ വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ദിൽ രാജുവിന്റെ നിർമാണ കമ്പനിയായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന് നഷ്ടമുണ്ടാകുകയല്ലാതെ മറ്റൊരു വഴിയും സാധ്യതയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ദിൽ രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാകും ഗെയിം ചേഞ്ചർ. സിനിമയുടെ ഡിജിറ്റൽ അവകാശം വമ്പൻ തുകയ്ക്കാണ് ആമസോൺ പ്രൈമിന് നൽകിയിരിക്കുന്നത് എന്നാണ് വിവരം. സിനിമയുടെ ഒടിടി അവകാശം ഇല്ലാത്ത പക്ഷം നിർമാതാവിന്റ നഷ്ടം ഇതിലും വലുതാകുമായിരുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടയിൽ ദിൽ രാജുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയും നിർമ്മാതാവുമായ സിരീഷിൻ്റെ വസതിയിലും മകൾ ഹൻസിത റെഡ്ഡിയുടെ വീട്ടിലും റെയ്ഡ് നീണ്ടു. നിലവിൽ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരൺ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്പോർട്സ് ഡ്രാമയായിയൊരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക. എആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കമൽ ഹാസൻ നായകനാവുന്ന ഇന്ത്യൻ-3 ആണ് ഷങ്കറിന്റേതായി വരുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂർത്തിയാകാനുണ്ടെന്നും ഈ വർഷത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ഷങ്കർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlights: Ramcharan to do a film for Dil Raju for Game changer loss