മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ഇന്ന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. ഇതിന് പിന്നാലെ രണ്ടാം ദിനമായ നാളെ മുതൽ സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.
മമ്മൂട്ടി പതിവ് പോലെ സ്‌ക്രീനില്‍ കത്തിക്കയറുമ്പോള്‍ വിക്കി എന്ന പ്രധാന കഥാപാത്രമായി ഗോകുല്‍ സുരേഷും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു. വിക്കിയും ഡൊമിനിക്കുമാണ് ചിത്രത്തിലെ കോമഡി വിജയമാക്കുന്നതെന്നും കമന്റുകളുണ്ട്. നിരവധി സിനിമാ റഫറന്‍സുകളും സ്പൂഫുകളും ചിത്രത്തിലുണ്ടെന്നും കമന്റുകളിലുണ്ട്.
വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴില്‍ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോന്‍, തന്റെ കരിയറില്‍ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലര്‍ ആണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlights: Mammootty movie Dominic and the ladies purse screen count increased