'പ്രാവിൻകൂട് ഷാപ്പി'ൽ തിരക്കേറുന്നു; പ്രേക്ഷക പിന്തുണയോടെ നിറഞ്ഞ സദസ്സിൽ രണ്ടാം വാരത്തിലേക്ക്

കേസന്വേഷണത്തിന്‍റെ ചടുലത പ്രേക്ഷകരിലേക്ക് പകരുന്നതിൽ ബേസിലിന്‍റെ പ്രകടനമികവും ഡയലോഗ് ഡെലിവറിയും എടുത്തുപറയേണ്ടതാണ്.

dot image

മലയാള സിനിമയിൽ പലപ്പോഴായി പല കാലങ്ങളിൽ ഇറങ്ങിയ സിനിമകളിൽ ഷാപ്പും ഷാപ്പിലെ പതിവുകാരും പല രീതികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും കള്ളിന്‍റെ വീര്യത്തിൽ പാതി ബോധത്തോടെയുള്ള ആളുകളുടെ ആട്ടവും പാട്ടും സംഭാഷണങ്ങളുമൊക്കെയായിട്ടാണ് കള്ള് ഷാപ്പുമായി ബന്ധപ്പെട്ടുള്ള സീനുകള്‍ സിനിമകളിൽ വന്നു പോകാറുള്ളത്. ചിലപ്പോഴൊക്കെ ചെറിയൊരു പാട്ട് സീൻ മാത്രമാകും വരാറുള്ളത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി സിനിമയിൽ ഉടനീളം ഒരു ഷാപ്പിനെ അടിസ്ഥാനമാക്കിയെത്തിയ 'പ്രാവിൻകൂട് ഷാപ്പ്' എന്ന ചിത്രം തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. സൗബിനും ബേസിലും ചെമ്പനും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രം ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്.

ഒരു ഷാപ്പിൽ നടന്ന ഒരു തൂങ്ങി മരണത്തിലൂടെയാണ് സിനിമയുടെ തുടക്കം. അതൊരു തൂങ്ങിമരണമാണോ അതോ കൊല ചെയ്ത് തൂക്കിയതാണോ എന്ന സംശയം ഷാപ്പിലെ പതിവുകാരിലും പ്രേക്ഷക മനസ്സിലും നിറച്ചുകൊണ്ടാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. കള്ളിന്‍റെ വീര്യത്തിൽ ചീട്ടുകളിയിൽ പതിവുകാർ മുഴുകിപ്പോയ സമയത്താണ് ഷാപ്പിന്‍റെ ഉടമയായ ബാബുവിന്‍റെ മരണം. ഈയൊരു മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവുമൊക്കെയാണ് ചിത്രം. ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ചുകൊണ്ടാണ് സിനിമയുടെ കഥാഗതി.

ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൊലപാതകിയാര് എന്ന സംശയം ഓരോരുത്തരിലേക്ക് മാറി മാറി വരുന്ന രീതിയിലാണ് തിരക്കഥ നീങ്ങുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉള്ളതുപോലെ ഈ സംശയം പ്രേക്ഷകരിലേക്കും നീളുന്നുണ്ട് എന്നതാണ് സിനിമയുടെ വിജയം.

ഒരു കാലിന് സ്വാധീനക്കുറവുള്ള കണ്ണൻ എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികതയോടെ സൗബിൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. എന്തൊക്കെയോ ദുരൂഹതകള്‍ ഉള്ളിൽ ഒളിപ്പിച്ചിട്ടുള്ള കഥാപാത്രമായി സൗബിൻ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതുപോലെ തന്നെ ബേസിലിന്‍റെ കരിയറിലെ തന്നെ ആദ്യ പോലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലാണ് അനുഭവപ്പെട്ടത്. എസ്.ഐ സന്തോഷ് സി.ജെ എന്ന കഥാപാത്രം ബേസിലിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. വയലൻസ് ഒട്ടും ഇഷ്ടമില്ലാത്തൊരു പോലീസുകാരന്‍റെ വേഷം ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്‍റെ ചടുലത പ്രേക്ഷകരിലേക്ക് പകരുന്നതിൽ ബേസിലിന്‍റെ പ്രകടനമികവും ഡയലോഗ് ഡെലിവറിയും എടുത്തുപറയേണ്ടതാണ്.

ചെമ്പന്‍റേയും ചാന്ദ്‍നിയുടേയും വേഷവും ഏറെ മികച്ച് നിൽക്കുന്നതാണ്. മറിമായത്തിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ നിയാസ് ബക്കർ, സിലോൺ എന്ന കഥാപാത്രമായി ചിത്രത്തിൽ ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. രൂപത്തിലും ഭാവത്തിലുമൊക്കെ തികച്ചും വേറിട്ട രീതിയിലുള്ള മേക്കോവറാണ് നിയാസ് നടത്തിയിരിക്കുന്നത്. ഷാപ്പുടമ ബാബു എന്ന കഥാപാത്രമായി ശിവജിത്തിന്‍റേയും പെർഫെക്ട് കാസ്റ്റിങ്ങാണ്. തോട്ട ബിജുവായി ശബരീഷ് വ‍ർമ്മയുടേയും പ്രകടനവും കൂടാതെ നിരവധി പുതുമുഖങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്.

'തൂമ്പ' എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും പ്രേക്ഷകരിൽ ഉദ്വേഗം നിറയ്ക്കുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്. ഏറെ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്ന രീതിയിൽ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട് ശ്രീരാജ്. സിനിമയുടെ ആകെയുള്ളൊരു മൂഡ് നിലനി‍ർത്തുന്നതിൽ ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഏറെ സഹായകമാണ്. ഒരു ഷാപ്പിന്‍റേതായ അന്തരീക്ഷവും മറ്റുമൊക്കെ ക്രിയേറ്റ് ചെയ്യുന്നതിൽ ക്യാമറ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന സംഗീതവും സിനിമയുടെ ജീവനാണ്. ഷെഫീഖ് മുഹമ്മദലിയുടെ ചിത്രസംയോജനവും ചിത്രത്തെ ചടുലമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. കൗതുകം ജനിപ്പിക്കുന്ന കഥാഗതിയും ഓരോ സെക്കൻഡും ആകാംക്ഷ നിറയ്ക്കുന്ന അവതരണവും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. പ്രേക്ഷകർ ഏവരും ചിത്രത്തെ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്.

Content Highlights: Pravinkoodu Shaappu enters into second week

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us