മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ബസൂക്ക. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ അഭിനയിച്ചത് വളരെ ഇന്ററസ്റ്റിംഗ് ആയ അനുഭവമായിരുന്നുവെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ ആദ്യം ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ ക്ഷമയോടെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ തനിക്ക് പറഞ്ഞു തന്നു. അതെല്ലാം അദ്ദേഹത്തിനൊപ്പം ഡൊമനിക്ക് ചെയ്യുന്ന സമയത്ത് തന്നെ സഹായിച്ചിട്ടുണ്ടെന്നും ഗൗതം വാസുദേവ് മേനോൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ ചെയ്തിട്ടുള്ള ട്രാൻസ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, വിടുതലൈ, മൈക്കിൾ, സുരേഷ് ഗോപി ചിത്രം വരാഹം, മമ്മൂക്കയുടെ ബസൂക്ക ഇവയെല്ലാം എനിക്ക് മികച്ച എക്സ്പീരിയൻസ് തന്ന സിനിമകളാണ്. ബസൂക്ക വളരെ ഇന്ററസ്റ്റിംഗ് ആയിരുന്നു. ട്രാൻസിൽ എനിക്ക് സോളോ ഷോട്ടുകൾ ആയിരുന്നു കൂടുതലും. ഫഹദിനൊപ്പം ഒരു പ്രധാനപ്പെട്ട സീക്വൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡയലോഗ് എല്ലാം മുമ്പ് തന്നെ പഠിച്ചിട്ടാണ് ഞാൻ പോയത്', ഗൗതം മേനോൻ പറഞ്ഞു.
ഗെയിം ത്രില്ലര്‍ ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് ബസൂക്ക എന്നാണ് പുറത്ത് വരുന്ന സൂചനകൾ. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ദിവ്യ പിള്ള, സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
Content Highlights: Gautham Menon talks about acting with Mammootty in Bazooka