മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്.
മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. വിഘ്‌നേഷ് എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തിൽ അവതരിപ്പിച്ചത്. അച്ഛനൊപ്പം കണ്ട പരിചയവും ബഹുമാനവും ഒന്നും സിനിമയിൽ ഉണ്ടാകരുതെന്ന് ഗോകുലിനോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്.
‘ഞാന്‍ ഗോകുലിന്റെ അച്ഛനൊപ്പം അഭിനയിച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് സ്വാഭാവികമായിട്ടും അവന് എന്നോട് ഒരു ഫാദര്‍ലി റെസ്‌പെക്ട് ഉണ്ടാകും. അത് ഡൊമിനിക്കില്‍ കാണരുതെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. സെറ്റിലേക്ക് വരുമ്പോള്‍ എന്നെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്ന പരിപാടിയൊക്കെ അവന് ഉണ്ടായിരുന്നു. അപ്പോള്‍ അങ്ങനെയൊന്നും ചെയ്യേണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. സാധാരണ നീ എന്നോട് പെരുമാറുന്നത് പോലെ പെരുമാറരുതെന്നും പറഞ്ഞു.
സിനിമയിലേത് പോലെ ഒരു സീനിയറും അസിസ്റ്റന്റും തമ്മിലുള്ള ബന്ധം മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. നീ എന്നെ മമ്മൂക്കയായോ മമ്മൂട്ടി ചേട്ടനായോ കാണരുത്. അത്രമാത്രമാണ് ഞാന്‍ അവനോട് പറഞ്ഞത്. ഗോകുല്‍ അവന്റെ ആ കഥാപാത്രത്തെ വളരെ ഭംഗിയായി തന്നെ ചെയ്തു. ഞങ്ങളുടേത് വളരെ നല്ല ഒരു കോമ്പിനേഷന്‍ തന്നെയായിരുന്നു. പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവന് ഞങ്ങളുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. അത് ആ സിനിമയിലുമുണ്ട്. അതാണ് ആ കഥാപാത്രം സിനിമയില്‍ വളരെ സ്വീറ്റായത്,’ മമ്മൂട്ടി പറഞ്ഞു.
അതിനിടെ, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. 2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.
മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlights: mammooty said that he told gokul suresh not to be seen Mammooka or Mammootty Chettan in location