
ഓരോ എസ് എസ് രാജമൗലി സിനിമകൾക്കും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'ആർആർആർ' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവുമൊത്ത് രാജമൗലി അടുത്ത സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. 'എസ്എസ്എംബി 29' എന്ന് താല്‍കാലിക ടൈറ്റില്‍ നല്‍കിയിട്ടുള്ള സിനിമയില്‍ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള രസകരമായ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് രാജമൗലി.
'സിംഹത്തെ കൂട്ടിലാക്കി' എന്ന തരത്തിലുള്ള ഒരു പോസ്റ്റ് ആണ് രാജമൗലി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ടാന്‍സാനിയയിലെ സെരെന്‍ഗെട്ടി ദേശീയോദ്യാനത്തിലെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന ബോബ് ജൂനിയര്‍ എന്ന് സിംഹത്തിന്റെ ചിത്രത്തിന്റെ മുന്നില്‍ കൈയിലൊരു പാസ്‌പോര്‍ട്ടുമായി നില്‍ക്കുന്ന രാജമൗലിയുടെ ചെറിയ ഒരു വീഡിയോയാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇത് നടൻ മഹേഷ് ബാബുവിനെ തന്റെ പിടിയിലാക്കി എന്നാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നടൻ മഹേഷ് ബാബുവും നടി പ്രിയങ്ക ചോപ്രയും രാജമൗലിയുടെ പോസ്റ്റിൽ കമന്റുമായി എത്തിയിട്ടുണ്ട്. ഇതോടെ ചിത്രത്തിൽ പ്രിയങ്ക ചോപ്ര തന്നെയാണ് നായികയായി എത്തുന്നതെന്ന് ആരാധകർ ഉറപ്പിച്ചിട്ടുണ്ട്.
No More Holidays....!!#MaheshBabu #SSRajamouli pic.twitter.com/oIvp8ZguFQ
— Gulte (@GulteOfficial) January 24, 2025
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് വില്ലനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Rajamouli's new post about SSMB29 create hype in social media