
മുഹ്‌സിന്‍ പെരാരി സംവിധാനത്തിൽ ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. തന്ത വൈബ് എന്നാണ് ചിത്രത്തിന്റെ പേര്. 'നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസ്സായി' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോ ആണ് എഡിറ്റർ. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
നിരവധി സിനിമകൾക്ക് ഗാനങ്ങൾ എഴുതിയ മുഹ്സിൻ പെരാരി പാട്ടെഴുത്തിൽ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ അറിയിച്ചിരുന്നു. കെഎല്‍ 10 എന്ന സിനിമയ്ക്ക് ശേഷം മുഹ്സിൻ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. നേരത്തെ ടൊവിനോ ചിത്രം തല്ലുമാലയുടെ സംവിധാന ചുമതല ഉണ്ടായിരുന്ന ഇദ്ദേഹം പിന്നീട് ഇതിൽ നിന്ന് മാറിനിന്നിരുന്നു. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹം ചെയ്തിട്ടുണ്ട്. നസ്രിയ- ബേസില്‍ ചിത്രമായ സൂക്ഷദര്‍ശിനിയിലെ ദുരൂഹമന്ദഹാസമാണ് മുഹ്‌സിന്‍ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം.
അതേസമയം, ഐഡന്റിറ്റി എന്ന ചിത്രമാണ് ടൊവിനോയുടേതായി അടുത്തിടെ തിയേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. തമിഴ്നാട്ടിൽ ചിത്രത്തിന് മികച്ച സ്വകരണമായിരുന്നു ലഭിച്ചിരുന്നത്. തൃഷ കൃഷ്‌ണയായിരുന്നു ചിത്രത്തിലെ നായികയായെത്തിയിരുന്നത്. ചിത്രം ജനുവരി 31 ന് സീ 5 വിലൂടെ ഐഡന്റിറ്റി സ്ട്രീമിങ് ആരംഭിക്കും.
Content Highlights: 'Tanta Vibe' Tovino, Muhsin Perari movie title poster out