ബൈബിളിൽ ചെമ്മരിയാടുകൾ സമാധാനത്തിന്റെയും ത്യാഗത്തിന്റെയും ധർമത്തിന്റെയും പ്രതീകങ്ങളാണ്. മനുഷ്യരാകുന്ന ആടുകളെ സംരക്ഷിക്കുന്ന ആട്ടിടയനായാണ് യേശുവിനെ ബൈബിളിൽ അവതരിപ്പിക്കുന്നത്. എന്നാൽ ആട്ടിൻപറ്റത്തിൽ നിന്നും എപ്പോഴും മാറ്റി നിർത്തുന്നവയാണ് ബ്ലാക്ക് ഷീപ്പുകൾ. കാരണം അവയെ പാപത്തിന്റെയും സാത്താന്റെയും ലക്ഷണങ്ങളായി കണക്കാക്കുന്നു. ഒരു ലോകം മുഴുവൻ ബ്ലാക്ക് ഷീപ്പുകൾ ആണെങ്കിൽ എന്തായിരിക്കും സംഭവിക്കുന്നത്. അത്തരത്തിൽ നന്മനിറഞ്ഞതല്ലാത്ത ഒരു കൂട്ടം മനുഷ്യരും അവർ ഉൾപ്പെടുന്ന ക്രിമിനൽ ഗാങ്ങുകളെയും പശ്ചാത്തലമാക്കി ക്രിസ്റ്റോ ജോർജ് വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് "ദി ബ്ലാക്ക് ഷീപ്പ് ". ചിത്രം ദി ക്യു സ്റ്റുഡിയോ യൂട്യൂബ് ചാനലിൽ കാണാം.
നടൻ ആന്റണി വർഗീസ് പെപ്പെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ വിഭാഗത്തിൽപ്പെടുത്താവുന്ന ഗ്യാങ്സ്റ്റർ ക്രൈം ഡ്രാമയാണ്. അങ്കമാലിയിൽ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് താൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കണ്ടിരുന്നെന്നും അവരുടെ ഡെഡിക്കേഷൻ അപ്പോൾ തന്നെ മനസിലായെന്നും ആന്റണി പറയുന്നു. സംവിധായകനായ ക്രിസ്റ്റോയുടെ സിനിമയോടുള്ള സമീപനവും കാഴ്ചപ്പാടുമെല്ലാം അപ്പോൾ തന്നെ ഇഷ്ടമായിരുന്നു. ചിത്രത്തിന്റെ ഫൈനൽ കോപ്പി കണ്ടപ്പോൾ അത് ഒരു ഷോർട്ട് ഫിലിമായല്ല സിനിമയായി തന്നെയാണ് തോന്നിയത്. ചിത്രം ഒരു കംപ്ലീറ്റ് സിനിമാറ്റിക് പാക്കേജാണെന്ന് ആന്റണി വർഗീസ് പറഞ്ഞു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഇയ്യോബാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ചാണ്ടി എന്ന ചെകുത്താന്റെ ഗുണ്ടകളിലൊരാളാണ് ഇയ്യോബ്. ഗാങ്ങുകൾക്കുള്ളിലുണ്ടാകുന്ന ചില പ്രശ്നങ്ങളിൽ ഇയ്യോബിന്റെ കുടുംബവും ഉൾപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ചോരയ്ക്ക് ചോര എന്ന തരത്തിൽ പകരം വീട്ടാനിറങ്ങുന്ന ഗാങ്ങുകളുടെ ചിത്രമായതുകൊണ്ട് തന്നെ മികച്ച രീതിയിൽ ആക്ഷൻ സീക്വൻസുകൾ അവതരിപ്പിക്കാനും ചിത്രം ശ്രമിക്കുന്നു. 49 മിനിറ്റ് ദെെർഘ്യമുള്ള ചിത്രം തുടക്കം മുതൽ അവസാനം വരെ ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകാൻ ശ്രമിക്കുന്നു. ഹ്രസ്വചിത്രമാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ സാങ്കേതിക മികവുകൊണ്ട് ചിത്രം മുന്നിൽ നിൽക്കുകയും ചെയ്യുന്നു. ജൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിയോൺ ഹാഷ്ലിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിക്കു ജേക്കബിന്റെ ഛായാ ഗ്രഹണം തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുകകയും ചെയ്യുന്നു. ആവാസവ്യൂഹം സിനിമയുടെ സംഗീത സംവിധായകൻ അജ്മൽ ഹസ്ബുള്ളയാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.
ഇയ്യോബ് എന്ന കേന്ദ്രകഥാപാത്രമായി വിമൽ വിജയ് സ്ക്രീനിലെത്തുന്നു. പ്രതിനായക സ്ഥാനത്തുള്ള അൽഫോൺസായി ജെറോ ജേക്കബ് വേഷമിടുന്നു. ടോണിയായി അഖിൽ പ്ലക്കാട്ട് വേഷമിടുന്നു. ഗാങ്ങ് വാറുകൾക്കും ചോരക്കളിക്കും ഒപ്പം നിൽകുന്ന അല്ലെങ്കിൽ ആ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിൽ പൂർണമായിട്ടുമുള്ളത്. അതിനിടയിൽ പെട്ട് പോകുന്ന , ചിത്രത്തിലെ ഏക സ്ത്രീകഥാപാത്രമായി ഇയ്യോബിന്റെ ഭാര്യയായ അന്നയെത്തുന്നു. തന്റെ ഭർത്താവിന്റെ കൊലപാതകിയായിട്ടും ഇയോബിന്റെ കൂടെ അന്ന ജീവിക്കാൻ കാരണം തന്റെ മക്കളാണ് . ഇരുൾ വീണ ആ ലോകത്തിൽ അകപ്പെട്ട സ്ത്രീയാണ് അവൾ. തന്റെ മക്കൾ പോലും കണ്ട് ശീലിച്ച ജീവിതത്തിലേക്ക് വഴുതിപോകുനമ്പോൾ പുരുഷന്മാർ മാത്രം ഭരിക്കുന്ന ആ ലോകത്തു അന്ന നിസഹായയായി പോകുന്നു. ശിശിരയാണ് ചിത്രത്തിൽ അന്നയായി വേഷം ഇട്ടിരിക്കുന്നത്.
ഈ മ യൗ ,അങ്കമാലി ഡയറീസ് , അജഗജാന്തരം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷം ചെയ്ത ബീറ്റോ ഡേവിസാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായ ഫ്രാൻസിസിനെ അവതരിപ്പിച്ചിരിക്കുന്നത്. അജാസ് പൂക്കാടനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് . റോബർട്ട് ആലുവ , ശ്രാവൺ ദേവ് ,ഷംസു ,ജിയോൺ ജോയി ,മാധവ് ശിവ ,തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ആർട്ട് - രവി ചാലിശേരി, സൗണ്ട് - അരുൺ പി.എ, കോസ്റ്റ്യൂം - മെൻ ഇൻ ക്യു. മേക്കപ്പ് - അനൂപ്, നിഷാദ്, അസോസിയേറ്റ് ഡയറക്ടർ - ആദർശ് പാപ്പൻ. ഇന്ത്യൻ ഫിലിം ഹൌസ്സ് നാഷണൽ അവാർഡ്‌സിൽ മികച്ച സംവിധായകൻ ,മികച്ച നടൻ,മികച്ച ഛായാഗ്രാഹകൻ,മികച്ച എഡിറ്റർ തുടങ്ങിയ അവാർഡുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
Content Highlights: Antony Pepe's thriller film 'Black Sheep' has arrived