ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന ചിത്രത്തിലെ 'ആർഭാടം' പ്രോമോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിയ ഉൾ ഹഖ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് സുഹൈൽ കോയയും സംഗീതം പകർന്നത് ജസ്റ്റിൻ വർഗീസുമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതിലെ 'പക' എന്ന വരികളോടെ തുടങ്ങുന്ന ഗാനം പുറത്ത് വന്നിരുന്നു. കെ എസ് ചിത്ര, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് "പൊൻമാൻ".
സെൻസറിങ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ത്രില്ലർ സ്വഭാവത്തിലാണ് കഥയവതരിപ്പിക്കുന്നതെന്ന സൂചനയാണ് ടീസർ സമ്മാനിച്ചത്. ഇവ കൂടാതെ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറ്റവുമാദ്യം പുറത്ത് വന്ന ബ്രൈഡാത്തി എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടി. അജേഷ് എന്നാണ് ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കർ, 25 ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് - ആരോമൽ, പിആർഒ - എ എസ് ദിനേശ്, ശബരി. അഡ്വർടൈസ്‌മെന്റ്- ബ്രിങ് ഫോർത്ത്.
Content Highlights: Basil Joseph-Jyotish Shankar film Ponman's 'Arbhadam' promo song out now