മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. നടൻ മമ്മൂട്ടിയായിരുന്നു ട്രെയ്‌ലർ ലോഞ്ചിൽ അതിഥിയായി എത്തിയത്. ടീസർ അവതരിപ്പിച്ച ശേഷം ചിത്രത്തെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
രാജു ഇത്രയും 'ചെറിയൊ'രു പടം എടുക്കുമെന്ന് താൻ വിചാരിച്ചില്ലെന്നും കണ്ടതിൽ വെച്ച് ഏറ്റവും 'വലിയ' ചെറിയ പടമാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു. എമ്പുരാൻ വലിയ വിജയമാകട്ടെയെന്നും നമുക്കെല്ലാവർക്കും അതിന്റെ ഭാഗമാവാൻ സാധിക്കട്ടെയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
'എന്റെ എല്ലാ ആശംസകളും സ്നേഹവും ആശിർവാദിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിനും വിജയാശംസകൾ നേരുന്നു', മമ്മൂട്ടി പറഞ്ഞു. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Mammootty talks about Empuraan and Prithviraj direction