
ചിലമ്പരശനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വെന്ത് തനിന്തത് കാട്'. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു രണ്ടാം ഭാഗത്തിനുള്ള സൂചന നൽകിയാണ് സിനിമ അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗൗതം മേനോൻ.
വെന്ത് തനിന്തത് കാടിന്റെ രണ്ടാം ഭാഗം നേരത്തെ എഴുതിയിരുന്നു എന്നും എന്നാൽ ചിമ്പുവിന് ചിത്രം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. ചിമ്പുവിന് ആദ്യ ഭാഗം ഒരു വലിയ സ്കെയിലിൽ ചെയ്യാനായിരുന്നു ആഗ്രഹം. സിനിമ റിലീസായി 25 ദിവസം കഴിഞ്ഞപ്പോഴേക്കും രണ്ടാം ഭാഗം ചെയ്യാനുള്ള ഇന്ററസ്റ്റ് ചിമ്പുവിന് നഷ്ടമായെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു. 'വളരെ ബ്രില്ലിയൻറ് ആയ കഥയാണ് അത്. ഒന്നാം ഭാഗത്തിലെ അവസാനത്തെ അഞ്ച് മിനിറ്റ് എന്റെ ഇഷ്ടപ്രകാരം ചെയ്തതല്ല. അതിന് മുൻപ് വരെയുള്ള സിനിമയുടെ സ്കെയിൽ ആണ് എന്റെ മനസിലുണ്ടായിരുന്നത്. ഇന്ന് അഭിനേതാക്കൾ വലിയ സ്കെയിലിൽ ഉള്ള സിനിമകളാണ് പ്രതീക്ഷിക്കുന്നത്', ഗൗതം മേനോൻ പറഞ്ഞു.
സിദ്ധി ഇദ്നാനി, സിദ്ധിഖ്, നീരജ് മാധവ്, രാധിക ശരത്കുമാർ, അപ്പുക്കുട്ടി തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ബി ജയമോഹനും ഗൗതം മേനോനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വെൽസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് സിനിമ നിർമിച്ചത്. എ ആർ റഹ്മാൻ ആണ് സിനിമക്ക് സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റായിരുന്നു. സിനിമയുടെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിംഗ് ആൻ്റണിയും നിർവ്വഹിച്ചു. ചിത്രത്തിലെ ചിമ്പുവിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Simbu is not interested to do Vendhu Thanindhathu Kaadu 2 says GVM