
'എന്നൈ നോക്കി പായും തോട്ട' എന്ന സിനിമ തന്റേതല്ലെന്ന ഗൗതം വാസുദേവ് മേനോന്റെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു എന്നൈ നോക്കി പായും തോട്ട തന്റെ സിനിമയല്ല എന്ന് ഗൗതം മേനോൻ പറഞ്ഞത്. ഇപ്പോൾ ആ പ്രതികരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ.
എന്നൈ നോക്കി പായും തോട്ട തന്റെ സിനിമയല്ല എന്ന് പറഞ്ഞത് തമാശയക്കാണ്. എന്നാൽ ആ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഷൂട്ടിങ്ങിനിടെ നേരിട്ട വെല്ലുവിളികൾ കാരണം രണ്ടാം പകുതിയിൽ താന്‍ തൃപ്തനായിരുന്നില്ല. വടചെന്നൈയുടെ തിരക്കിലായതിനാൽ ധനുഷിന്റെ ഡേറ്റ് കിട്ടാൻ പ്രയാസമായിരുന്നു. അതിനാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തനിക്ക് ആ ചിത്രം തീർക്കേണ്ടി വന്നുവെന്നും ഗൗതം മേനോൻ പറഞ്ഞു. സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അവതാരകനായ ഭരദ്വാജ് രംഗൻ എന്നൈ നോക്കി പായും തോട്ടയെക്കുറിച്ച് ചോദിക്കുമ്പോൾ 'ഏത് സിനിമയാണത്?' എന്നായിരുന്നു ഗൗതം മേനോന്റെ മറുചോദ്യം. ആ സിനിമയിലെ ഒരു ഗാനം തനിക്ക് ഓർമ്മയുണ്ട്. ആ ചിത്രം മറ്റാരോ ആണ് ചെയ്തത് എന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു.
സംവിധായകന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. തമാശ രൂപേണയാണ് ഗൗതം മേനോൻ ഈ വാക്കുകൾ പറഞ്ഞത് എന്ന് ചിലർ പറഞ്ഞപ്പോൾ, നായകനായ ധനുഷ് എന്നൈ നോക്കി പായും തോട്ടയുടെ മേക്കിങ്ങിൽ കൈ കടത്തി എന്നാണ് മറ്റൊരു വിഭാഗം പറഞ്ഞത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ വിക്കിപീഡിയ പേജിൽ സംവിധായകന്റെ നിരയിൽ ഗൗതം മേനോനൊപ്പം ധനുഷിന്റെ പേരും ആരോ ചേർത്തിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
2019 നവംബറിലായിരുന്നു എന്നെ നോക്കി പായും തോട്ട റിലീസ് ചെയ്തത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയിൽ മേഘ ആകാശ്, എം ശശികുമാർ, സുനൈന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ജോമോൻ ടി ജോണും മനോജ് പരമഹംസയും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. പ്രവീൺ ആന്റണിയായിരുന്നു എഡിറ്റിംഗ്.
Content Highlights: Gautham Vasudev Menon clarifies his controversial comment on Enai Noki Paayum Thota