കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായ സംവിധായകനാണ് മധു സി നാരായണൻ. 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി നാരായണൻ എന്തുകൊണ്ട് സിനിമയൊന്നും ചെയ്യുന്നില്ല എന്ന ചോദ്യം പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കാറുണ്ട്. ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.
മധു സി നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നസ്‌ലനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് നായിക തേടിയുള്ള കാസ്റ്റിംഗ് കോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. 20നും 25നും ഇടയിൽ പ്രായം വരുന്ന അഭിനേതാവിനെയാണ് തേടുന്നത്.
ഡാഡി കൂൾ, സോൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിൽ ആഷിക് അബുവിന്റെ സഹസംവിധായകനായാണ് മധു സി നാരായണൻ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. 2016ൽ പ്രദർശനത്തിനെത്തിയ ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി.
2019 ഫെബ്രുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ കുമ്പളങ്ങി നൈറ്റ്സ് റിലീസ് ചെയ്തത്. കുമ്പളങ്ങിയുടെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് സ്വഭാവത്തിൽ കഥ പറഞ്ഞ സിനിമ പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം ഉൾപ്പടെ നാല് സംസ്ഥാന പുരസ്കാരങ്ങളും സിനിമ നേടിയിരുന്നു.
Content Highlights: Madhu C Narayanan next film with Naslen