
'മമ്മൂട്ടിക്കമ്പനി' എന്ന തന്റെ പുതിയ പുസ്തകം പങ്കുവെച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ. പുസ്തകം മമ്മൂട്ടിയ്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ഡി സി ബുക്‌സാണ് പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇത് മമ്മൂട്ടിയെക്കുറിച്ച് മാത്രമുള്ള പുസ്തകമല്ലെന്നും സിനിമയിൽ നിന്നുള്ള നിരവധി അഭിനേതാക്കൾ ചിത്രത്തിന്റെ കവർ പേജ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നും ബിപിൻ ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
'മമ്മൂട്ടിക്കമ്പനി എന്ന പുതിയ പുസ്തകം മമ്മൂക്കയ്ക്ക് കൊടുത്തില്ലെങ്കിൽ പിന്നെ മറ്റാർക്കാണ് കൊടുക്കേണ്ടത്. എൻ്റെ എഴുത്തിലും അതുവഴി ജീവിതത്തിലും അനവധി അസുലഭസൗഭാഗ്യങ്ങൾ ലഭിക്കുന്നതിന് നിലമൊരുക്കിത്തന്നത് ഈ മനുഷ്യനാണ്. പക്ഷേ അദ്ദേഹത്തെക്കുറിച്ച് മാത്രമുള്ളതല്ല കേട്ടോ സിനിമാക്കുറിപ്പുകളുടെ ഈ പുസ്തകം. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ടോവിനോ തോമസും വിനയ് ഫോര്‍ട്ടും ജോജു ജോർജും ജിസ് ജോയിയും അടക്കമുള്ള സിനിമാപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെച്ചേർന്ന് ഇന്ന് രാവിലെ പുസ്തകത്തിൻറെ കവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാമെന്നാണ് ഏറ്റിരിക്കുന്നത്.
ഞാനും എൻറെ എഴുത്തും നന്നായിക്കാണണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാരുടെ പോസ്റ്റുകളും ഷെയറുകളും ഒക്കെയാണ് മുൻപെഴുതിയ പല പുസ്തകങ്ങളെയും അറിയാത്ത ഒരുപാട് പേരുടെ ശ്രദ്ധയിലേക്കെത്തിച്ചത്. കണ്ടിട്ട് പോലുമില്ലാത്ത നൂറുകണക്കിന് മനുഷ്യരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞത് അങ്ങനെയാണ്. മനുഷ്യരെ സ്നേഹിക്കുന്നതും മനുഷ്യരാൽ സ്നേഹിക്കപ്പെടുന്നതും ഈ ലോകത്തെ ഏറ്റവും രസമുള്ള പരിപാടിയാണെന്നേ. അതുകൊണ്ട് ഓരോ പുസ്തകം ഇറങ്ങുമ്പോഴും ഹാപ്പിയോട് ഹാപ്പിയാണ് ഞാൻ.
കെ എൽ എഫ് വേദിയിൽ പുസ്തകം പ്രകാശിപ്പിച്ച സുഭാഷ് ചന്ദ്രൻ അവതാരികാകാരനായ രാം മോഹൻ പാലിയത്ത് എന്നീ ചേട്ടന്മാരെയും കലകലക്കൻ കവർ ഡിസൈൻ ചെയ്തു തന്ന ജിജു ഗോവിന്ദൻ എന്ന അനിയനെയും കെട്ടിപ്പിടിക്കട്ടെ. ഡി.സി.ബുക്സിലെ രാംദാസും ദീപ്തി ദിനേശും കൂടി ആഞ്ഞുപിടിച്ചില്ലായിരുന്നെങ്കിൽ പുസ്തകം ഇപ്പോഴും പുറത്തിറങ്ങില്ലായിരുന്നു. എന്തായാലും സംഗതി എല്ലാ ഡി.സി. ബുക്സ് സ്റ്റോറുകളിലും എത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട പുസ്തകശാലകളിലും ലഭിക്കും,' ബിപിൻ ചന്ദ്രൻ കുറിച്ചത് ഇങ്ങനെ.
Content Highlights: The book Mammootty Company was released