ഉണ്ണി ലാലുവിനെ നായകനാക്കി ഹാസ്യത്തിന്റെയും പ്രണയത്തിന്റെയും മേമ്പൊടിയിൽ ത്രില്ലിംഗ് എലമെന്റുകളോടെ കഥ പറയുന്ന ഒരു ഫാമിലി ഡ്രാമ ചിത്രമാണ് 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ'. ശ്രീജ ദാസ്, ലുക്മാൻ, സുധി കോപ്പ എന്നിവർ അഭിനയിച്ച No Man‘s land എന്ന ചിത്രത്തിന്റെ സംവിധായകൻ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി സിനിമ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിലെ നായകൻ ഉണ്ണി ലാലുവിന്റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഒരു തുടക്കക്കാരനായ നായകൻ ആണെന്ന ഒരു തോന്നലും പ്രേക്ഷകന് നൽകാതെ ആത്മാവ് തൊട്ട പ്രകടനം ആയിരുന്നു ഉണ്ണിയുടേത്. കാമുകനായും സുഹൃത്തായും നാട്ടുമ്പുറത്തെ ചെറുപ്പക്കാരനായും സംസാരം കൊണ്ടും ശരീര ഭാഷകൊണ്ടും അയാൾ ആ കഥാപാത്രത്തെ ആലിംഗനം ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു.
നാട്ടിലെ ചെറിയ ജോലികൾ ഒക്കെ ചെയ്ത്, പി എസ് സി ടെസ്റ്റുകൾ ഒക്കെ എഴുതി വിജയം കാത്തിരിക്കുന്ന, ഉള്ളിൽ പ്രണയം കാത്തുസൂക്ഷിക്കുന്ന, സ്നേഹം സർവ്വ ഭയങ്ങളെയും നിഷ്‌ക്രിയമാക്കുമെന്ന് നമ്മളെ കാണിച്ചു തരുന്ന ചില ചെറുപ്പക്കാർ എല്ലാ നാട്ടിലുമുണ്ടാകാറുണ്ട്, അങ്ങനെ ഒരു ചെറുപ്പക്കാരന്റെ പ്രതിനിധിയാണ് “ പറന്ന്പറന്ന്പറന്ന്ചെല്ലാൻ” എന് ചിത്രത്തിൽ ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥാപാത്രം എന്നും ഒരു പ്രേക്ഷകന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
രേഖാചിത്രവും പറന്ന് പറന്ന് പറന്ന് ചെല്ലാനും മലയാള സിനിമയ്ക്ക് നല്ലൊരു നടനെ സമ്മാനിച്ചുവെന്നും പ്രേക്ഷക പ്രതികരണങ്ങളില്‍ പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ഞെട്ടിച്ചെന്നും മികച്ച തിരക്കഥയാണ് സിനിമയുടേത് എന്നും അഭിപ്രായങ്ങളുണ്ട്.
ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ രണ്ടു വിജയ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ'. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി, രാധ ഗോമതി, തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Content Highlights: 'Parann Parann Parann Chellan' movie get good response in theaters