ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന പുഷ്പ 2 ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലും സിനിമ ട്രെൻഡിങ്ങാണ്. ഈ വേളയിൽ പുഷ്പ 2 നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
275 കോടിയാണ് പുഷ്പ 2 ന്റെ നെറ്റ്ഫ്ലിക്സ് ഡീൽ എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഇത് ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണെന്നാണ് സൂചന. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേർഷനാണ് ഒടിടിയിലെത്തിയിരിക്കുന്നത്.
അതേസമയം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടും സിനിമ തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. ഹിന്ദി പതിപ്പാണ് പ്രദർശനം തുടരുന്നത്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നതിന് തൊട്ടു തലേന്നുള്ള സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള മൊത്തം ദിവസ കളക്ഷൻ 19 ലക്ഷം രൂപയായിരുന്നു.
സ്ട്രീമിങ് ആരംഭിച്ച ജനുവരി 30 വ്യാഴാഴ്ച 14 ലക്ഷം ലഭിച്ചപ്പോള്‍, വെള്ളിയാഴ്ച 5 ലക്ഷത്തിലേക്ക് താഴുകയും ചെയ്തു.
അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.
Content Highlights: Pushpa 2 has the one of the biggest OTT deals in Indian cinema