സന്ദീപ് റെഡ്‌ഡി വാങ്കയുടെ ആദ്യ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി. വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിൽ ശാലിനി പാണ്ഡെയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വേഷത്തിലേക്ക് തെന്നിന്ത്യൻ നായിക സായി പല്ലവിയെ ആദ്യം ആലോചിച്ചിരുന്നു എന്ന് പറയുകയാണ് സന്ദീപ് റെഡ്‌ഡി ഇപ്പോൾ.
പ്രേമം എന്ന സിനിമ റിലീസ് ചെയ്തത് മുതൽ താൻ സായി പല്ലവിയുടെ ആരാധകനാണ്. അർജുൻ റെഡ്‌ഡിയിൽ സായി പല്ലവിയായിരുന്നു നായികയായി ആദ്യം മനസ്സിൽ ഉണ്ടായിരുന്നത്. അവരുടെ ഡേറ്റിനെകുറിച്ച് അന്വേഷിക്കാൻ കേരളത്തിലെ ഒരു കോർഡിനേറ്ററെ സമീപിച്ചു. എന്നാൽ സിനിമയുടെ കണ്ടന്റ് പറഞ്ഞപ്പോൾ അക്കാര്യം മറന്നേക്കൂ, സായി പല്ലവി സ്ലീവ്‍ലെസ് പോലും ധരിക്കില്ല എന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാൽ അത് യഥാര്‍ത്ഥ കോർഡിനേറ്ററല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്ന് സന്ദീപ് റെഡ്‌ഡി പറഞ്ഞു. തണ്ടേലിന്റെ പ്രീ-റിലീസ് പരിപാടിയിൽ വെച്ചാണ് അദ്ദേഹം രസകരമായ സംഭവം വെളിപ്പെടുത്തിയത്.
'അര്‍ജുന്‍ റെഡ്ഡിയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ അതിലെ നായികയായി ആരെ കാസ്റ്റ് ചെയ്യണമെന്ന് സംശയം വന്നു. ആ സമയത്ത് എന്റെ മനസില്‍ ഉണ്ടായിരുന്ന മുഖം സായ് പല്ലവിയുടേതാണ്. പക്ഷേ എനിക്ക് അവരെ പരിചയമുണ്ടായിരുന്നില്ല. ഒരു സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് സായ് പല്ലവിയുടെ കോര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ എന്നെ വിളിച്ചു. തെലുങ്കില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയാണെന്നും ഇന്റന്‍സായിട്ടുള്ള കുറച്ച് സീനുകളുണ്ടെന്നും ഞാന്‍ അയാളോട് പറഞ്ഞു,'
‘എങ്കില്‍ സായ് പല്ലവിക്ക് പകരം വേറൊരാളെ നോക്കിക്കോളൂ, സ്ലീവ്‌ലെസ് ഇട്ട് പോലും സായ് അഭിനയിക്കില്ല. അപ്പോള്‍ ഇങ്ങനെയൊരു കഥ അവര്‍ എന്തായാലും ചെയ്യില്ല’ എന്ന് അയാള്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മറ്റൊരു നടിയെ നോക്കി. അയാള്‍ സായ് പല്ലവിയുടെ കോര്‍ഡിനേറ്റര്‍ അല്ലെന്നും കേരളത്തിലെ ഒരു സിനിമാക്കാരനാണെന്നും പിന്നീടാണ് അറിഞ്ഞത്,' സന്ദീപ് റെഡ്‌ഡി പറഞ്ഞു.
Content Highlights: Sandeep Vanga wanted Sai Pallavi in Arjun Reddy