വിണ്ണൈത്താണ്ടി വരുവായ, മാനാട് തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ചിലമ്പരശൻ. തിരിച്ചുവരവിൽ നടൻ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷനെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'വെന്ത് തനിന്തത് കാട്' ആണ് ചിമ്പുവിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ തന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ചിലമ്പരശൻ.
'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകൻ രാംകുമാർ ബാലകൃഷ്ണനൊടൊപ്പമാണ് ചിലമ്പരശന്റെ അടുത്ത ചിത്രം. 'എസ്ടിആർ 49 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ അന്നൗൺസ്‌മെന്റ് പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടു. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന ചിമ്പുവുവിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ ചിലമ്പരശൻ ഒരു വിദ്യാർത്ഥി ആയിട്ടാണ് എത്തുന്നതെന്നാണ് സൂചന. 'ദി മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ്' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ചിത്രം ഈ വർഷം തിയേറ്ററിലെത്തും. ഡൗൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് സിനിമ നിർമിക്കുന്നത്. ഇവർ നിർമിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.
Happy Birthday STR 🧨🔥
— DawnPictures (@DawnPicturesOff) February 2, 2025
On this special day, We’re happy to reveal our next massive collaboration with our @SilambarasanTR_💥
✍️ Directed by @Imramkumar_B@aakashbaskaran#Dawn03 #STR49
#HBDSilambarasanTR#SilambarasanTR pic.twitter.com/tA0zxGA89a
ധനുഷ് ചിത്രമായ 'ഇഡ്ലി കടൈ', ശിവകാർത്തികേയൻ, രവി മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുധ കൊങ്കര ചിത്രം 'പരാശക്തി' എന്നിവയ്ക്ക് ശേഷം ഡൗൺ പിക്‌ചേഴ്‌സിന്റെ അടുത്ത സിനിമയാണ് 'എസ്ടിആർ 49'. ഹരീഷ് കല്യാൺ, ഇന്ദുജ രവിചന്ദ്രൻ, എം എസ് ഭാസ്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'പാർക്കിംഗ്' മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. അതേസമയം, കമൽ ഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിമ്പു ചിത്രം. വലിയ പ്രതീക്ഷകളുമായി എത്തുന്ന സിനിമ ജൂൺ 5 ന് തിയേറ്ററിലെത്തും.
Content Highlights: Silambarasan TR announces new movie on birthday