അല്ലു അർജുൻ ചിത്രം പുഷ്പ 2 തിയേറ്റർ ആഘോഷങ്ങൾക്കിപ്പുറം ഒടിടിയിലും ട്രെൻഡിങ്ങായി തുടരുകയാണ്. വലിയ വിജയം നേടിയെങ്കിലും റിലീസ് സമയത്ത് തന്നെ പുഷ്പയിലെ ക്ലൈമാക്സ് ഫൈറ്റ് സീൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ഇപ്പോൾ ഒടിടി റിലീസിന് പിന്നാലെയും ഈ രംഗം ചർച്ചയായിരിക്കുകയാണ്. ഒരു വ്യത്യാസം എന്തെന്നാൽ വിദേശ സിനിമാപ്രേമികളാണ് ഇപ്പോൾ ഈ രംഗങ്ങൾ ചർച്ചയാക്കുന്നത്.
പുഷ്പ 2 ക്ലൈമാക്സ് ഫൈറ്റ് സംബന്ധിച്ച് വിദേശ സിനിമാപ്രേമികൾക്കിടയിൽ രണ്ടഭിപ്രായമുണ്ട്. ചിലർ ഈ രംഗങ്ങളെ ട്രോളുമ്പോൾ മറ്റുചിലർ വാനോളം പ്രശംസിക്കുകയാണ്. ആക്ഷൻ ആരാധകർക്ക് ഈ സിനിമ ഒരു വിരുന്നാണെന്ന് ചിലർ കുറിക്കുമ്പോൾ ഈ രംഗങ്ങളിൽ ഒട്ടും ലോജിക്കില്ല എന്ന വിമർശനമാണ് മറ്റുചിലര്‍ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു ഉപയോക്താവ് 'ഒരു ഇന്ത്യൻ സിനിമയിലെ ആക്ഷൻ സീൻ' എന്ന കുറിപ്പോടെ എക്സ് പ്ലാറ്റ്ഫോമിൽ ഈ രംഗം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് 1.2k കമന്റുകളും 4.2k റീപോസ്റ്റുകളും 19k ലൈക്കുകളും ലഭിച്ചു. 'പല മോഡേൺ യുഎസ് സിനിമകളേക്കാൾ ഭേദം' എന്നാണ് ഒരാൾ ഇതിന് താഴെ കമന്റ് ചെയ്തത്. എന്തായാലും പ്രശംസ കൊണ്ടും ട്രോളുകൾ കൊണ്ടും പുഷ്പ 2 ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരിക്കുകയാണ്.
Action scene from an Indian movie pic.twitter.com/k9lhfXDIdp
— non aesthetic things (@PicturesFoIder) February 3, 2025
ജനുവരി 30 മുതലാണ് പുഷ്പ 2 നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.
Content Highlights: Hollywood Fans Hails And Trolls Pushpa 2 Climax Fight