ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഹിറ്റായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ക്രിഷ് സീരീസ്. ഹൃത്വിക് റോഷൻ നായകനായ ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ നാലാം ചിത്രം സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ ബജറ്റിനെക്കുറിച്ച് ഹൃത്വിക് റോഷന്റെ പിതാവും നിർമാതാവുമായ രാകേഷ് റോഷൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്, പക്ഷെ നടക്കുന്നില്ല. ഇത്തവണ സിനിമയുടെ സ്കെയിൽ വളരെ വലുതാണ്. ചിത്രത്തിന്റെ സ്കെയിൽ കുറച്ചാൽ അതിന്റെ ഗുണനിലവാരത്തെ ബാധിക്കും. ലോകസിനിമയിലെ വലിയ സൂപ്പർഹീറോ സിനിമകൾ കണ്ടുവരുന്ന പ്രേക്ഷകർക്ക് മുന്നിൽ ചെറിയ തെറ്റുകൾ വരെ വലിയ വിമർശനങ്ങൾക്ക് കാരണമാകും.' രാകേഷ് റോഷൻ പറഞ്ഞു.
മാർവൽ, ഡി സി സിനിമകൾ പോലെയൊരു ചിത്രം ചെയ്യാനുള്ള ബജറ്റില്ല. കഥയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വലിയ 10 സീക്വൻസുകൾ ഉണ്ടാകില്ലെങ്കിലും വലിയ സ്കെയിലിലുളള രണ്ട്-മൂന്ന് സീക്വൻസുകളെങ്കിലും ഒരുക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിലൂടെ ഒരു സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു.
കോയി മിൽ ഗയയിൽ ഹൃത്വിക്കിന്‍റെ നായികയായി പ്രീതി സിൻ്റ അഭിനയിച്ചപ്പോൾ, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ഒബ്‌റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Rakesh Roshan talks about the budget of Krrish 4