
നടൻ വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. വിജയ്‌യെ കാണാനായി ഇദ്ദേഹം പലതരത്തിലുള്ള പരിശ്രമങ്ങളും നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രയത്നങ്ങൾക്ക് ഫലം കണ്ടെന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്. നടൻ വിജയ്‌യെ കണ്ടെന്നും ഒന്നിച്ചിരുന്ന് സംസാരിച്ചെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ട് അറിയിച്ചു.
'വിജയ് സാറിനെ കണ്ടു. ലൊക്കേഷനിൽ ആയതുകൊണ്ട് ഫോട്ടോയും വീഡിയോയും എടുക്കാൻ സാധിച്ചില്ല. അവർ ഫോട്ടോ അയച്ചുതരും എന്നാണ് പറഞ്ഞത്. വിജയ് അണ്ണൻ സെറ്റിൽ നിന്ന് എന്നെ തോളിൽ കൈ ഇട്ടിട്ടാണ് കൊണ്ടുവന്നത്. കാരവാനിൽ ഒന്നിച്ചിരുന്ന് സംസാരിച്ചു. എന്തിനാ ഉണ്ണിക്കണ്ണാ എന്നെ കാണാൻ ഇത്രയും തവണ വന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ വളരെ സന്തോഷത്തിലാണ്. ബിഗിലേ കപ്പ് മുഖ്യം, നെനച്ച വണ്ടി കയറി,' ഉണ്ണിക്കണ്ണൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വിജയ്‌യോടുള്ള ആരാധനയുടെ പേരിൽ ഉണ്ണിക്കണ്ണൻ ശ്രദ്ധ നേടാൻ തുടങ്ങിയത്. നടനോടുള്ള ആരാധന മൂലം ഇയാൾ ഏഴ് വർഷത്തോളമായി മുടിയും താടിയും വെട്ടാതെ നടക്കുകയാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ. ചെന്നൈയില്‍ വിജയ്‌യുടെ വീടിന്‍റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു. ഇക്കാരണങ്ങളാല്‍ ഇയാൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും വന്നിരുന്നു.
വിജയ്‌യുടെ അമ്പതാം പിറന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിലൂടെ പ്ലക്കാർഡുമായി നടന്നതും ഗോട്ട് എന്ന സിനിമയുടെ റിലീസ് ദിനത്തിൽ ചിത്രം കാണാൻ വന്നവർക്ക് ഉണ്ണിക്കണ്ണൻ മധുരം നൽകിയതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Unnikannan's video meeting actor Vijaya in person is gaining attention