2022 ലെ തമിഴിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ. ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് 'ലവ്‌യാപാ'. ജുനൈദ് ഖാനും ഖുഷി കപൂറുമാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയിലേക്ക് ആദ്യം തന്നെ കാസ്റ്റ് ചെയ്തപ്പോൾ ആശ്ചര്യപ്പെട്ടു പോയെന്നും ആ വേഷം ചെയ്യാനാകുമോ എന്ന് ആദ്യം തനിക്ക് ഉറപ്പില്ലായിരുന്നെന്നും ജുനൈദ് ഖാൻ പറയുന്നു. സിനിമയുടെ തമിഴ് വേർഷനായ ലവ് ടുഡേയിൽ മികച്ച പ്രകടനമാണ് പ്രദീപ് രംഗനാഥൻ കാഴ്ചവെച്ചിരിക്കുന്നതെന്നും സ്ക്രീന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എൻ്റെ വ്യക്തിത്വത്തിൽ നിന്ന് സിനിമയിലെ കഥാപാത്രം ഒരുപാട് അകലെയാണെന്ന് തോന്നിയതിനാൽ സിനിമയിലേക്ക് എന്നെ അവർ കാസ്റ്റ് ചെയ്തപ്പോൾ ആദ്യം ആശ്ചര്യമാണുണ്ടായത്. ഞാൻ ആ വേഷം ചെയ്യണമെന്ന് ഉറപ്പാണോ എന്ന് ഞാൻ സംവിധയകനോട് ചോദിച്ചു. ഞാൻ ഒരിക്കലും എന്നെ ആ റോളിലേക്ക് കാസ്റ്റ് ചെയ്യില്ല. പക്ഷേ അദ്വൈത് ചന്ദനും മധു മന്തേനയ്ക്കും എന്നിൽ നല്ല ആത്മവിശ്വാസം ഉള്ളവരായിരുന്നു.
അദ്വൈത് എൻ്റെ അടുത്ത് വന്ന് ലവ് ടുഡേയുടെ റൈറ്റ്സ് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞു. പടം കാണാനും എന്നോട് ആവശ്യപ്പെട്ടു. ഒരു പയ്യൻ താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകുന്നതും അവളുടെ പിതാവ് അവരുടെ ഫോൺ പരസ്പരം കൈമാറാൻ ആവശ്യപ്പെടുന്നതും എന്ന സിനിമയുടെ കഥ ഒരു വരിയിൽ അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് അത് വളരെ ഇഷ്ടമായി. ലവ് ടുഡേയിൽ പ്രദീപ് രംഗനാഥൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അദ്ദേഹം സിനിമ സംവിധാനം ചെയ്യുകയും എഴുതുകയും അഭിനയിക്കുകയും ചെയ്തു', ജുനൈദ് ഖാൻ പറഞ്ഞു.
നടൻ ആമിർ ഖാന്റെ മകനാണ് ജുനൈദ് ഖാൻ. ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകളാണ് ഖുഷി കപൂർ. ലവ് ടുഡേയുടെ നിർമാതാക്കളായ എജിഎസ് എന്റർടൈയ്ൻമെൻ്റ്സ് ആണ് ഹിന്ദി റീമേക്കും നിർമിക്കുന്നത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ലവ് യാപാ ഫെബ്രുവരി 7 ന് തിയേറ്ററിലെത്തും. ലാൽ സിംഗ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയ്ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫാന്റം പിക്ചേഴ്സും സിനിമയുടെ നിർമാതാക്കളാണ്.
Content Highlights: Junaid Khan talks about his role in Loveyappa