![search icon](https://www.reporterlive.com/assets/images/icons/search.png)
വടക്കൻ വീരഗാഥ സിനിമയുടെ ചിത്രീകരണ സമയത്ത് തുടയിൽ വാൾ കുത്തിക്കയറിയ സംഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി. വാൾ കൊണ്ടത് കാണാൻ പറ്റാത്തിടത്ത് ആയത് കൊണ്ട് അന്ന് ചിത്രീകരണം മുടങ്ങിയില്ലെന്നും ഇപ്പോഴും ആ മുറിവിന്റെ പാടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു വടക്കൻ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിൽ നടൻ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് നടന്റെ പ്രതികരണം.
'ഹോളിവുഡിൽ ഒക്കെ സിനിമ പ്ലാൻ ചെയ്യുമ്പോൾ ഒരു വർക്‌ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വർക്‌ഷോപ്പിന്റെ ഉൾപ്പടെ ആണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ, നമ്മുടെ നാട്ടിൽ അന്നും ഇന്നും അതൊന്നും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ചന്തു എന്ന കഥാപാത്രം ഞാൻ ചെയ്യുമ്പോൾ അവിടെ കുതിരയും വാളും പരിചയും കളരിയും ഒക്കെ ഉണ്ട്, അഭ്യാസികൾ ഉണ്ട്, കളരി ഗുരുക്കന്മാരൊക്കെ ഷൂട്ടിങ് സെറ്റിൽ എപ്പോഴും ഉണ്ട്. പക്ഷേ നമ്മൾ കളരി അഭ്യാസവും കുതിര അഭ്യാസവും ഒക്കെ പഠിക്കണമെങ്കിൽ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ.
സിനിമയിൽ ഈ പറഞ്ഞതുപോലെ നമ്മൾ ഈ സിനിമയിലെ ഷോട്ടുകളിൽ മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ ഒരു വലിയ കളരി അഭ്യാസം പൂർണമായിട്ടും നമ്മൾ അഭിനയിക്കില്ല. അതു തെറ്റിപ്പോയാൽ തിരുത്തി അഭിനയിക്കാൻ പറ്റും. സിനിമയിൽ അതിന്റെ ചുവടുകളും ശൈലികളും, നമ്മൾ ഇംഗ്ലിഷിൽ പറയുന്ന ആറ്റിറ്റ്യൂഡുകൾ മാത്രം സൂക്ഷിച്ചിരുന്നാൽ സിനിമയിൽ കറക്റ്റ് ആയിട്ട് തോന്നും. അപ്പോൾ കാണിച്ചു തരുന്നത് ഒരു രണ്ടുമൂന്നു പ്രാവശ്യം നമ്മൾ പരിശീലിച്ചു കഴിഞ്ഞാൽ ഈ വെട്ടും തടയും ഒക്കെ നമുക്ക് പഠിക്കാൻ പറ്റും. ആ കാലത്തൊക്കെ ഈ പറഞ്ഞപോലെ അഭ്യാസം കാണിക്കാനുള്ള ധൈര്യം ഉണ്ട്, സെക്യൂരിറ്റി ഒന്നും അത്രമാത്രം ഇല്ല.
എല്ലാ ചാട്ടവും ഓട്ടവും വെട്ടും ഒക്കെ അതിനകത്ത് ഒറിജിനൽ തന്നെയാണ്. അതിൽ ഉപയോഗിച്ച എല്ലാ വാളുകളും മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാണ്, നല്ല ഭാരമുണ്ട്. അതിൽ ചാടി ഒരു വാൾ പിടിക്കുന്ന രംഗമുണ്ട്. തെറിച്ചു പോകുന്ന വാൾ ചാടിപ്പിടിക്കുന്ന രംഗം.. എല്ലാ പ്രാവശ്യവും ചാടുമ്പോൾ ഈ വാൾ പിടി കിട്ടൂല. ഒരു പ്രാവശ്യം ആ വാൾ എന്റെ തുടയിൽ കുത്തി കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. കാണാൻ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. പക്ഷേ ആ പാട് ഇപ്പോഴും ഉണ്ട്. പരിക്കേൽക്കുന്നതൊക്കെ സ്വാഭാവികം ആണ്. അതിനൊന്നും ആർക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല. കാരണം ഇതൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണല്ലോ നമ്മൾ വരുന്നത്,' മമ്മൂട്ടി പറഞ്ഞു.
Content Highlights: Mammootty shares his experience in vadakan veeragadha