മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ തിരക്കിലാണ് പൃഥ്വി. താനൊരു നടനായപ്പോഴാണ് സിനിമയെ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് പറയുകയാണ് പൃഥ്വിരാജ്. അച്ഛനൊപ്പം സിനിമ കാണാൻ പോയ അനുഭവവും പൃഥ്വിരാജ് പങ്കുവെച്ചു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഞാന്‍ ചെറുപ്പം തൊട്ടേ മൂവീ ബഫ് ആയിട്ടുള്ള ആളൊന്നും അല്ലായിരുന്നു. കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമേ സിനിമ കാണാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്റെ അച്ഛന്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി കുറച്ചുകാലം ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം പല ക്ലാസിക് സിനിമകളും കണ്ടിരുന്നത് ഗവണ്മെന്റിന്റെ തിയേറ്ററില്‍ നിന്നായിരുന്നു. ആരെയും അറിയിക്കാതെ സെക്കന്‍ഡ് ഷോയ്ക്ക് ഒക്കെയായിരിക്കും പോവുന്നത്.
ചിലപ്പോഴൊക്കെ എന്നെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. സാധാരണ ആളുകള്‍ ഇരിക്കുന്ന അതേ ഏരിയയില്‍ തന്നെയായിരിക്കും ഞങ്ങളും ഇരിക്കുക. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ കൂടെ പോയി ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമ കണ്ട്. ആ സിനിമ കണ്ട് ഞാന്‍ വല്ലാതെ ഡിസ്റ്റര്‍ബ്ഡ് ആയി. അച്ഛന് ചരിത്രത്തില്‍ നല്ല അറിവുണ്ടായിരുന്നു. കോളേജ് ലക്ചററായിരുന്നു അദ്ദേഹം. ആ സിനിമ കണ്ടതിന് ശേഷം അന്ന് എന്താണ് ശരിക്ക് സംഭവിച്ചതെന്നൊക്കെ പറഞ്ഞ് തന്നു. സിനിമ എന്ന മാധ്യമത്തിന് എത്രമാത്രം ശക്തിയുണ്ടെന്ന് അന്നാണ് മനസിലായത്. പിന്നീട് തിയേറ്ററില്‍ നിന്ന് കൂടുതലായി സിനിമ കാണാന്‍ ശ്രമിച്ചു. എന്നാല്‍ സിനിമയോട് വലിയ ഇഷ്ടം തോന്നിയത് ഞാനും ഒരു നടനായപ്പോഴാണ്,’ പൃഥ്വിരാജ് പറഞ്ഞു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj said that he liked cinema more when he became an actor