എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ അക്ഷമയോടെയാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര ഭാഗമാകുന്നു എന്ന വാർത്തകളും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിത് സിനിമയിലെ നടിയുടെ കഥാപാത്രത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധ നേടുകയാണ്.
സിനിമയിൽ നെഗറ്റീവ് വേഷത്തിലാകും നടിയെത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാകും നടി അവതരിപ്പിക്കുക. മുമ്പും നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളിൽ പ്രിയങ്ക എത്തിയിട്ടുണ്ടെങ്കിലും നടി ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായ വേഷമായിരിക്കും ഈ സിനിമയിൽ അവതരിപ്പിക്കുക എന്നാണ് സൂചന.
രാജമൗലി ചിത്രത്തിനായി 30 കോടി രൂപയാണ് പ്രിയങ്ക ചോപ്രയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. കല്‍ക്കി, ഫൈറ്റര്‍ എന്നീ ചിത്രങ്ങളില്‍ ദീപിക പദുകോണ്‍ നേടിയ പ്രതിഫലത്തെ മറികടന്നാണ് പ്രിയങ്ക ചോപ്ര ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി മാറിയത്. അതേസമയം 30 കോടിക്കും മുകളിലാണ് പ്രിയങ്ക ചോപ്ര ആവശ്യപ്പെട്ടതെന്നും നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം 30 കോടിയില്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നെന്നും മണി കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
1000-1300 കോടി ബജറ്റിലാകും എസ്എസ്എംബി 29 ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആര്‍ ആര്‍ ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.
ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Reports that Priyanka Chopra to do a negative role in SS Rajamouli movie