ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ജി വി പ്രകാശ് സംഗീതം നൽകുന്ന സിനിമയിൽ അജിത്തിന്റെ ഒരു മുൻകാല സിനിമയിലെ ഗാനം റീമിക്സ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
അജിത് നായകനായ ധീന എന്ന സിനിമയിലെ 'വത്തിക്കുച്ചി' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം റീമിക്സ് ചെയ്യുമെന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് തമിഴ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ആദിക് രവിചന്ദ്രന്റെ മാർക്ക് ആന്റണി എന്ന സിനിമയിൽ 'പഞ്ചുമിഠായി' എന്ന് തുടങ്ങുന്ന ഗാനം റീമിക്സ് ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Ajith's Good Bad Ugly to have a remix version of Ajith song