![search icon](https://www.reporterlive.com/assets/images/icons/search.png)
അജിത്-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു അജിത്ത് ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുണ്ടായിരുന്നത്. മികച്ച സ്വീകാര്യതയാണ് തമിഴ് നാട്ടിൽ ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ അജിത്തിന്റെ പ്രകടനത്തിന് ആദ്യാവസാനം വരെ വിസിൽ അടി നിർത്താൻ സാധിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ. സോഷ്യൽ മീഡിയയിൽ സ്റ്റോറി പങ്കിട്ടാണ് ചിത്രത്തെ വിഘ്നേഷ് പ്രശംസിച്ചത്.
'വിടാമുയർച്ചി ഗംഭീരമായ ഒരു ത്രില്ലർ ചിത്രമാണ്. ആദ്യ ഫ്രെയിം മുതൽ അവസാന ഫ്രെയിം വരെ കാണികളെ പിടിച്ചിരുത്തുന്നു!! എ കെ സാറിന്റെ സ്‌ക്രീൻ സാന്നിധ്യം, അദ്ദേഹത്തിന്റെ സൗമ്യത, മുഴുവൻ സിനിമയെയും തന്റെ ചുമലിൽ വെക്കുന്നുണ്ട്! അജിത്ത് സാറിന്റെ പ്രകടനത്തിന് വിസിൽ അടിക്കുന്നത് നിർത്താൻ കഴിയില്ല. അനിരുദ്ധിന്റെ സംഗീതം ഗംഭീരമാണ്. മഗിഴ് തിരുമേനിയുടെ തിരക്കഥ വളരെ മികച്ചതാണ്. ചിത്രം ഇത്രയും മികച്ചതാക്കിയതിന് ഓംപ്രകാശ് സാറിനും നിരവ് സാറിനും നന്ദി! ശരിക്കും ഒരു അന്താരാഷ്ട്ര നിലവാരം! തൃഷ, റെജീന, അർജുൻ, ആരവ്, എല്ലാവരുടെയും മികച്ച പ്രകടനങ്ങൾ! ഗംഭീര വിജയത്തിന് അഭിനന്ദനങ്ങൾ,' വിഘ്നേഷ് ശിവൻ കുറിച്ചത് ഇങ്ങനെ.
അതേസമയം, ചിത്രം ഇന്ത്യൻ ബോക്സ് ഓഫ്സിൽ നിന്ന് 22 കോടി രൂപ നേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിടാമുയർച്ചിയുടെ തമിഴ് പതിപ്പ് 21.5 കോടി നേടിയപ്പോൾ തെലുങ്ക് പതിപ്പ് 0.5 കോടിയാണ് നേടിയത്. ഇതോടെ ഈ വർഷം കോളിവുഡ് സിനിമകളിലെ ബെസ്ററ് ഓപ്പണിങ് വിടാമുയർച്ചിയുടെ പേരിലായിരിക്കുകയാണ്. എന്നാൽ അജിത്തിന്റെ മുൻ ചിത്രമായ തുനിവിന്റെ ആദ്യദിന കളക്ഷൻ ചിത്രത്തിന് മറികടക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. 24.4 കോടിയായിരുന്നു തുനിവ് ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
Content Highlights Vignesh Sivan praises Ajith and Vidamuyarchi