മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ. ഇപ്പോൾ ഇതാ, റിലീസ് ചെയ്ത് 35 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയെ സീരിയസായി കാണുന്നവർക്ക് ഒരു പാഠപുസ്‌തകമാണ് വടക്കൻ വീരഗാഥയെന്നും ഓരോ ഷോട്ടും എങ്ങനെയെടുത്തു എന്നറിയാൻ അവർ സിനിമ കാണുമെന്നും ദേവൻ പറഞ്ഞു. അതോടൊപ്പം ഈയടുത്ത് റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത കിട്ടിയില്ലെന്നും എന്നാൽ വടക്കൻ വീരഗാഥക്ക് അങ്ങനെ സംഭവിക്കില്ലെന്നും ദേവൻ പറഞ്ഞു. ഓണ്‍ലുക്കേഴ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'മോഹൻലാലിന്റെ ചില പടങ്ങൾ വന്നല്ലോ. അതിനൊന്നും അത്രയും സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ഈ പടത്തിന് സ്വീകാര്യത കിട്ടും. ആളുകള്‍ക്ക് ഒരു താല്‍പര്യമുണ്ടാവും, അതിന്‍റെ ഒരു ഗ്ലാമര്‍, കളര്‍ഫുള്ളായ സംഗതി ഉണ്ട്. ഒരുപാട് ആളുകൾ വടക്കൻ വീരഗാഥ തിയറ്ററിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ട്. പഴയ തലമുറയിലെ പലരും ആ സിനിമ തിയറ്ററിൽ നിന്ന് കണ്ടിട്ടുമുണ്ട്. പക്ഷേ പുതിയ തലമുറക്ക് ഇതൊരു അവസരമാണ്, ഭാഗ്യമാണ്. സിനിമയെ സീരിയസായി കാണുന്നവർക്ക് ഒരു പാഠപുസ്‌തകമായി കാണാവുന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ. പുതിയ തലമുറയിലെ സംവിധായകര്‍ വന്ന് ഈ പടം കാണും. ഗവേഷണത്തിന് താല്‍പര്യമുള്ള ആളുകള്‍ വില്ലനായ ചന്തുവിനെ എങ്ങനെ നായകനാക്കി എന്ന് അറിയാന്‍ വരും. തിരക്കഥാകൃത്തുകള്‍ക്ക് വരാം. അവര്‍ക്ക് പഠിക്കാം. അതുകൊണ്ട് തന്നെ ഈ സിനിമക്ക് വലിയ പ്രതീക്ഷകളുണ്ട്,' ദേവന്‍ പറഞ്ഞു.
തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്. മമ്മൂട്ടിക്ക് പുറമെ ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
Content Highlights : Actor Devan said that the fans will accept the movie vadakkan veeragadha