വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കരിയറിലെ വ്യത്യസ്തമായ സിനിമ എന്ന നിലയിലും മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളിൽ ഒന്ന് എന്ന നിലയിൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് തിര. 2013ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിരുന്നില്ല. പിന്നീട് സിനിമാപ്രേമികൾക്കിടയിൽ 'തിര' വലിയ ചർച്ചയാവുകയും ചെയ്തു. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ ബാക്കിവെച്ചാണ് അവസാനിച്ചതും. ഇപ്പോഴിതാ തിര 2 നെക്കുറിച്ചും തിര റീ റിലീസിനെക്കുറിച്ചും റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
താൻ മാനസികമായി ഉപേക്ഷിച്ച സിനിമയാണ് തിര. ധ്യാൻ ശ്രീനിവാസനോ രാകേഷ് മണ്ടോടിയോ തിര 2 ചെയ്യുകയാണെങ്കിൽ താൻ ആ സിനിമയ്‌ക്കൊപ്പമുണ്ടാകുമെന്ന് വിനീത് പറഞ്ഞു. തിര റീ റിലീസ് ചെയ്യാൻ പ്ലാനുണ്ടോ? എന്ന ചോദ്യം വന്നപ്പോൾ തിര റീ റിലീസ് ചെയ്യുന്നതിനെ കുറിച്ച് താൻ ഇതുവരെ ആലോചിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'തിര റീ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. അതിന്റെ നിർമാതാവുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി കഴിഞ്ഞാൽ എനിക്കതൊന്ന് പറഞ്ഞ് നോക്കണം. ആ സിനിമയുടെ കുലുക്കം ഒന്ന് കുറച്ചിട്ട് ഇറക്കേണ്ടി വരും. പക്ഷെ ഇപ്പോൾ ഇറങ്ങിയാൽ ആളുകൾ അത് സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം,’വിനീത് ശ്രീനിവാസൻ പറഞ്ഞു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ മൂന്നാം ചിത്രമായിരുന്നു തിര. രാകേഷ് മണ്ടോടി തിരക്കഥയെഴുതിയ സിനിമയിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശോഭനയായിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
Content Highlights: Vineeth Sreenivasan talks about Thira 2 and Thira re release