കളക്ഷനിൽ വൻ ഇടിവ്, നിരാശപ്പെടുത്തി അജിത്; പകരം പ്രേക്ഷകരുടെ ആദ്യ ചോയ്സായി ഈ മണികണ്ഠൻ ചിത്രം

റിലീസ് ചെയ്ത് ആദ്യ തിങ്കളാഴ്ച ആയ ഇന്ന് വെറും 4 കോടി മാത്രമാണ് തമിഴ്നാട്ടിൽ നിന്നും വിടാമുയർച്ചിക്ക് നേടാനായത്

dot image

അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയാണ് വിടാമുയർച്ചി. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. എന്നാൽ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് അഞ്ചാം ദിവസമായ ഇന്ന് വലിയ ഡ്രോപ്പ് ആണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ മോശം പ്രതികരണങ്ങൾ കാരണം പലയിടത്തും സിനിമയ്ക്ക് സ്ക്രീനുകൾ നഷ്ടപ്പെട്ടിരിക്കുന്നെന്നും പകരം മണികണ്ഠൻ നായകനായ 'കുടുംബസ്ഥൻ' എന്ന സിനിമ പ്രദർശിപ്പിക്കുകയാണെന്നുമാണ് പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നത്.

റിലീസ് ചെയ്ത് ആദ്യ തിങ്കളാഴ്ച ആയ ഇന്ന് വെറും 4 കോടി മാത്രമാണ് തമിഴ്നാട്ടിൽ നിന്നും വിടാമുയർച്ചിക്ക് നേടാനായത്. ഇതോടെ പല സ്‌ക്രീനുകളും കുടുംബസ്ഥനിലേക്ക് ഷിഫ്റ്റ് ചെയ്തു. മണികണ്ഠൻ നായകനായി എത്തിയ സിനിമയ്ക്ക് റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മികച്ച പ്രതികരണം നേടുന്ന സിനിമ ഇതുവരെ നേടിയത് 27 കോടിയോളമാണ്. മണികണ്ഠന്റെ പ്രകടനത്തിനും സിനിമയുടെ തിരക്കഥയ്ക്കും വലിയ കൈയ്യടികളാണ് ലഭിക്കുന്നത്. രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ചിത്രം മണികണ്ഠന്റെ തുടർച്ചയായ മൂന്നാമത്തെ ഹിറ്റ് സിനിമയാണ്.

അതേസമയം കേരളത്തിലും വിടാമുയർച്ചിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2.70 കോടിയാണ് ചിത്രം ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. ഇത് മുൻ അജിത് സിനിമകൾ കേരളത്തിൽ നിന്ന് നേടിയതിനേക്കാൾ കുറഞ്ഞ കളക്ഷനാണ്. 1.35 കോടിയാണ് സിനിമ ആദ്യ ദിവസം കേരളത്തിൽ നിന്നും നേടിയത്. എന്നാൽ രണ്ടാം ദിവസം മുതൽ കളക്ഷനിൽ വലിയ ഇടിവാണുണ്ടായത്. ചിത്രമിപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരിക്കുകയാണ്. സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാർക്കറ്റിൽ 32.3 കോടി രൂപയും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. അങ്ങനെ ആഗോളതലത്തിൽ സിനിമ 103.92 കോടി നേടിയതായാണ് സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ബജറ്റ് 200 കോടിക്ക് മുകളിലായതിനാൽ വിടാമുയർച്ചി ബോക്സ് ഓഫീസ് വിജയമാകുന്നതിന് ഇനിയും കളക്ഷൻ ആവശ്യമാണ്.

Content Highlights: Manikandan film Kudumbasthan takes over Vidaamuyarchi in tamilnadu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us