![search icon](https://www.reporterlive.com/assets/images/icons/search.png)
കേരളത്തിലുൾപ്പടെ വമ്പൻ വിജയമായി തീർന്ന ബോളിവുഡ് സിനിമയാണ് 'കിൽ'. നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത സിനിമയിൽ നായകനായി എത്തിയത് പുതുമുഖമായ ലക്ഷ്യ ആയിരുന്നു. പതിയെ തുടങ്ങിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണങ്ങളുടെ സഹായത്തോടെ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ നിഖിലിനും വലിയ കൈയ്യടി ലഭിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത വമ്പൻ സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പിങ്ക് വില്ല.
നടൻ രാംചരണിനൊപ്പമാണ് നിഖിലിന്റെ അടുത്ത സിനിമയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു മൈത്തോളജിക്കൽ ചിത്രമായിട്ടാണ് പ്രൊജക്റ്റ് ഒരുങ്ങുന്നത്. നടൻ രാംചരണും നിർമാതാവ് മധു മണ്ടേനയുമൊത്ത് സംവിധായകൻ നിഖിൽ കഴിഞ്ഞ ആറ് മാസമായി ചർച്ചയിലാണെന്നും സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ രാംചരൻ വർക്ക് ചെയ്തുകൊണ്ടിയിരിക്കുന്ന ബുച്ചി ബാബു സന സംവിധാന ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായാൽ ഉടൻ ഈ സിനിമയിലേക്ക് കടക്കുമെന്നാണ് വിവരം.
പുഷ്പ 2 എന്ന വൻ വിജയത്തിന് ശേഷം സുകുമാർ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ നായകൻ രാംചരൺ ആണെന്നും വാർത്തകളുണ്ട്. 'ഉപ്പെന്ന' എന്ന വലിയ വിജയത്തിന് ശേഷം ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയാണ് ഇനി പുറത്തിറങ്ങാനുള്ള രാംചരൺ ചിത്രം. ജാൻവി കപൂർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. എആർ റഹ്മാൻ ആണ് സിനിമയിൽ സംഗീതം നൽകുന്നത്. അതേസമയം, കില്ലിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും ആദ്യ ഭാഗത്തേത് പോലെയൊരു ഇൻ്റർനാഷണൽ വിജയം സിനിമക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കരൺ ജോഹർ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ രാഘവ് ജുയൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ധർമ്മ പ്രൊഡക്ഷൻസിൻ്റെയും സിഖ്യ എൻ്റർടെയ്ൻമെൻ്റിൻ്റെയും ബാനറിൽ കരൺ ജോഹർ, ഗുനീത് മോംഗ, അപൂർവ മേത്ത, അച്ചിൻ ജെയിൻ എന്നിവരായിരുന്നു ചിത്രം നിർമിച്ചത്.
Content Highlights: Kill director Nikhil's next film with Ramcharan