![search icon](https://www.reporterlive.com/assets/images/icons/search.png)
ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ജേർസിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമൊത്താണ് ഗൗതം അടുത്ത സിനിമ ചെയ്യുന്നത്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന സിനിമയുടെ ടൈറ്റിലും ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'കിങ്ഡം' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു നാടും ആ നാട്ടിൽ സംഭവിക്കുന്ന അനീതികളിൽ ആരംഭിച്ച് പതിയെ കഥാനായകനായ വിജയ് ദേവരകൊണ്ടയെ അവതരിപ്പിച്ചുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ഗംഭീര മേക്ക്ഓവർ ആണ് ടീസറിൽ കാണാനാകുന്നത്. കഴിഞ്ഞ കുറച്ച് വർഷമായി നടന് അത്ര നല്ല സമയമല്ല. മോശം സിനിമകളുടെ പേരിലും മോശം പ്രകടനങ്ങൾ കൊണ്ടും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. ഈ സിനിമയിലൂടെ നടൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ. അനിരുദ്ധിന്റെ ഗംഭീര പശ്ചാത്തലസംഗീതവും ടീസറിന് മികവേറുന്നുണ്ട്. ചിത്രത്തിന്റെ തെലുങ്ക് ടീസറിൽ ജൂനിയർ എൻടിആറും തമിഴ് വേർഷനിൽ സൂര്യയുമാണ് വോയിസ്ഓവർ നൽകിയിരിക്കുന്നത്.
സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ് 30 ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും.
Content Highlights: Vijay Deverakonda film Kingdom teaser out now