![search icon](https://www.reporterlive.com/assets/images/icons/search.png)
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മാർക്കോ. സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിലെത്തുന്നത് കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. മാർക്കോയുടെ തിയേറ്റർ വേർഷൻ തന്നെയാണ് ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. മാർക്കോ അൺകട്ട് പതിപ്പ് ഒടിടി റിലീസ് ചെയ്യുന്നതിനായിരുന്നു തങ്ങൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രക്ഷേപണ മന്ത്രാലയത്തിന് വിവിധ പരാതികൾ ഉയർന്നതിനാൽ, ആ പതിപ്പുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഉത്തരവാദിത്തമുള്ള ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, സിനിമയുടെ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിന് തങ്ങൾ ബാധ്യസ്ഥരാണ്. അതിനാൽ ഒടിടിയിലും അതേ തിയറ്റർ പതിപ്പുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരായി എന്ന് നിർമാതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സോണി ലിവിലൂടെയാണ് മാർക്കോ സ്ട്രീം ചെയ്യുന്നത്.
ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്.
Content Highlights: Marco OTT version is not an uncut version