'ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്താണ് ന്യായം, ഒരു കൂടിയാലോചനയില്ലാതെ തീരുമാനമെടുത്തത് ശരിയായില്ല'; ലിബർട്ടി ബഷീർ

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്

dot image

ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റുമായി എത്തിയിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചെയർമാനും നിർമാതാവുമായ ലിബർട്ടി ബഷീർ. ആന്റണി പെരുമ്പാവൂർ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്. ഇത് ജനറൽ ബോഡി വിളിച്ച് കൂട്ടി എടുക്കേണ്ട തീരുമാനമാണ്. ആന്റണി പെരുമ്പാവൂർ ഇന്ന് മലയാളത്തിലെ ലീഡിങ് ആയ ഒരു നിർമ്മാതാവാണ്. അപ്പോൾ അവരെയൊന്നും അറിയിക്കാതെ ഇത്രയും വലിയൊരു തീരുമാനം എടുത്തത് ശരിയായില്ലെന്നും ലിബർട്ടി ബഷീർ റിപ്പോർട്ടറിനോട് പറഞ്ഞു.

'ഇപ്പോൾ സുരേഷ് ഗോപി ഒഴികെ മറ്റെല്ലാ അഭിനേതാക്കൾക്കും പ്രൊഡക്ഷൻ കമ്പനി ഉണ്ട്. അപ്പോൾ അവരുടെയെല്ലാം അഭിപ്രായം എടുത്തിട്ട് വേണമായിരുന്നു ഇത്തരം തീരുമാനങ്ങളിലേക്ക് എത്താൻ. ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്താണ് ന്യായം. എന്നാൽ സുരേഷ് കുമാർ പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ഇന്ന് ആർട്ടിസ്റ്റുകൾ എല്ലാവരും 20 കോടിയും,15 കോടിയും ചോദിക്കുന്നു മാത്രമല്ല ചെറിയ ആർട്ടിസ്റ്റുകൾ വരെ രണ്ടും മൂന്നും കോടിയാണ് ചോദിക്കുന്നത്. സുരേഷ് കുമാർ പറഞ്ഞത് പോലെ അതെല്ലാം നിയന്ത്രിക്കാൻ പറ്റണം. അതൊക്കെ ഞാൻ സമ്മതിക്കുന്നു പക്ഷെ ആന്റണി പറഞ്ഞത് പോലെ ഒരു കൂടിയാലോചന വേണമായിരുന്നു. ജൂൺ മുതൽ സിനിമ സമരം എന്ന് പറയുമ്പോഴുള്ള പ്രശ്നം എന്തെന്നാൽ ആ സമയത്ത് മറ്റു വലിയ തമിഴ് സിനിമകൾ വരുകയാണെങ്കിൽ തിയേറ്ററുകാർ ആ പടത്തിനാകും മുൻതൂക്കം കൊടുക്കുക. ആ ചിത്രം കേരളത്തിൽ നിന്ന് കോടികൾ വാരുകയും ചെയ്യും. അതല്ലാതെ തിയേറ്ററുകാർക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല. സമരം വന്ന് തിയേറ്റർ പൂട്ടിക്കഴിഞ്ഞാൽ പിന്നെ തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ് അവരുള്ളത്', ലിബർട്ടി ബഷീർ പറഞ്ഞു.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിന് പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂർ എത്തിയത്. തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.

Content Highlights: Liberty Basheer supports Antony Perumbavoor on G Suresh Kumar issue

dot image
To advertise here,contact us
dot image