മലയാളത്തിൽ നിന്നും ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല; ഒടിടിയിലും പ്രേക്ഷകരെ കൈയ്യിലെടുത്ത് 'മാർക്കോ'

കേരളത്തിന്റെ കെജിഎഫ് ആണ് മാർക്കോ എന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്

dot image

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മാർക്കോ. ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് നേടിയത്. ചിത്രമിപ്പോൾ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുകയാണ്. ഒടിടിയിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് മാർക്കോയെന്നും മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

കേരളത്തിന്റെ കെജിഎഫ് ആണ് മാർക്കോ എന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക്കിനെപ്പറ്റിയും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ചിത്രം ഒടിടി റിലീസിൽ തമിഴ്, തെലുങ്ക് പ്രേക്ഷകരെ വളരെയധികം തൃപ്തിപ്പെടുത്തിയെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ മാർക്കോയുടെ തിയേറ്റർ വേർഷൻ തന്നെയാണ് ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

മാർക്കോ അൺകട്ട് പതിപ്പ് ഒടിടി റിലീസ് ചെയ്യുന്നതിനായിരുന്നു തങ്ങൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രക്ഷേപണ മന്ത്രാലയത്തിന് വിവിധ പരാതികൾ ഉയർന്നതിനാൽ, ആ പതിപ്പുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഉത്തരവാദിത്തമുള്ള ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, സിനിമയുടെ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിന് തങ്ങൾ ബാധ്യസ്ഥരാണ്. അതിനാൽ ഒടിടിയിലും അതേ തിയറ്റർ പതിപ്പുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരായി എന്ന് നിർമാതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്.

Content Highlights: Marco gets good response after OTT release

dot image
To advertise here,contact us
dot image