
ഡാകു മഹാരാജിന്റെ വിജയത്തിന് പിന്നാലെ സംഗീത സംവിധായകൻ തമൻ എസിന് പോർഷെ കാർ സമ്മാനിച്ച് നടൻ ബാലകൃഷ്ണ. പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെയാണ് ബാലകൃഷ്ണ തമന് സമ്മാനിച്ചത്. ബാലകൃഷ്ണയുടെ സോഷ്യല്‍ മീഡിയ ടീമാണ് സമ്മാനം കൈമാറുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 1.27 മുതൽ 1.93 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഓൺറോഡ് വില.
#NBK garu gifted #Thaman a brand new PORSCHE, as a token of appreciation for his contribution to #DaakuMaharaaj pic.twitter.com/wxhnXyfhYx
— Movies4u Official (@Movies4u_Officl) February 15, 2025
ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധിപ്പേർ കമന്റുകൾ പങ്കുവെക്കുന്നുണ്ട്. ഒരുകാലത്ത് ബാലകൃഷ്ണയെ ട്രോൾ ചെയ്തവർ പോലും നടനായി ഇപ്പോൾ കൈയ്യടിക്കുന്നുണ്ടെങ്കിൽ അതിന് തമന്റെ സംഗീതവും ഒരു കാരണമാണ് എന്ന് പലരും കുറിക്കുന്നുണ്ട്. ഡാക്കു മഹാരാജയ്ക്ക് പുറമെ അഖണ്ഡ, വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ചതും തമന്‍ തന്നെയായിരുന്നു. ഈ സിനിമകളിൽ തമൻ ബാലകൃഷ്ണയ്ക്ക് നൽകിയ പശ്ചാത്തല സംഗീതത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചതും.
അതേസമയം ഡാകു മഹാരാജിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 21 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രമെത്തുക. ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്.
പ്രഗ്യ ജെയ്സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ബാലകൃഷ്ണയും ഉർവശി റൗട്ടേലയും ഉള്ള ഒരു ഗാനരംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗാനത്തിന്റെ കൊറിയോഗ്രഫിയെ ചൂണ്ടികാണിച്ചായിരുന്നു വിമർശനം. കെ.ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിർവഹിച്ചത്.
Content Highlights: Balakrishna gifted Porsche car to S Thaman after the success of Daaku Maharaj