
ഇന്ത്യൻ ഭാഷകളിലെ സമീപ കാലത്തെ ഹിറ്റ് ചിത്രങ്ങളാണ് ആര്‍ആര്‍ആർ, അനിമൽ, ഗദർ എന്നിവ. ഈ ഹിറ്റ് ചിത്രങ്ങൾക്ക് ലോജിക് ഇല്ലെന്നും ചിത്രങ്ങള്‍ ഹിറ്റാകുന്നതിന് കാരണം സംവിധായകന്റെ ബോധ്യമാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന യുട്യൂബ് ചാനലിനായി കോമള്‍ മെഹ്തയുമായി നടത്തിയ അഭിമുഖത്തിലാണ് കരണ്‍ ജോഹറിന്റെ പ്രതികരണം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ഉത്തരേന്ത്യയില്‍ വിതരണം ചെയ്തത് കരണ്‍ ജോഹറാണ്.
ഒരു സിനിമയില്‍ ലോജിക്ക് ഇല്ലെന്ന് അറിയാമായിരുന്നിട്ടും പിന്നീട് അത് എന്തുകൊണ്ട് സിനിമയാകുന്നു എന്നായിരുന്നു കരണിനോടുള്ള ചോദ്യം. 'ബോധ്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'രാജമൗലിയുടെ ചിത്രങ്ങളില്‍ എവിടെയാണ് നിങ്ങള്‍ക്ക് ലോജിക്ക് കണ്ടെത്താനാകുക?. ആ സിനിമകളിലെല്ലാം സംവിധായകന്റെ ബോധ്യം മാത്രമേ കാണാനാകൂ. ആ ബോധ്യം മുന്നില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ നിങ്ങളെ വിശ്വസിക്കും. അവരെ വിശ്വസിപ്പിക്കലാണ് ഒരു സംവിധായകന്റെ കഴിവ്.'-കരണ്‍ ജോഹര്‍ വ്യക്തമാക്കി. പല സംവിധായകരും ഹിറ്റുകള്‍ നല്‍കിയിരിക്കുന്നത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും കരൺ ജോഹർ പറഞ്ഞു.
സണ്ണി ഡിയോള്‍ നായകനായെത്തിയ ഗദര്‍ എന്ന ചിത്രത്തെ കുറിച്ചും കരണ്‍ സംസാരിച്ചു. ഒരാള്‍ 1000 പേരെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് അടിച്ചോടിക്കുന്നത് കാണിച്ചത് ബോധ്യം കൊണ്ടാണ്. സണ്ണി ഡിയോളിന് അത് ചെയ്യാനാകുമെന്ന് സംവിധായകന്‍ എന്ന നിലയില്‍ അനില്‍ ശര്‍മ വിശ്വസിക്കുന്നു. അതിനാല്‍ പ്രേക്ഷകരും അത് വിശ്വസിക്കുന്നു. ആളുകള്‍ ഇത് വിശ്വസിക്കുമോ, ലോജിക്ക് ഇല്ലല്ലോ എന്നെല്ലാം സ്വയം സംശയിച്ചാല്‍ പ്രേക്ഷകരും ലോജിക്കിനെ കുറിച്ച് കൂടുതല്‍ ആലോചിക്കും. അതൊരിക്കലും സിനിമയെ സഹായിക്കില്ലെന്നും കരണ്‍ പറഞ്ഞു.
Content Highlights: Karan Johar says there is no logic in Rajamouli films