
നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടപ്പോൾ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. തെലുങ്ക് സിനിമയിലെ സൂപ്പർതാരം ബാലയ്യ മലയാളികൾക്കിടയിൽ പ്രശസ്തനായത് സിനിമകളിലൂടെയല്ല, മറിച്ച് ട്രോളുകളിലൂടെയാണ്. ഓവർ ദി ടോപ്പ് ഫൈറ്റ് സീനുകളിലൂടെയും ലൗഡ് ആയ സംഭാഷണങ്ങളിലൂടെയും ലോജിക് അടുത്തുകൂടെ പോകാത്ത സിനിമകളിലൂടെയും ബാലയ്യ മലയാളികൾക്ക് മുന്നിൽ ഒരു കോമഡി താരമായി മാറി. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. കളിയാക്കിയവരെകൊണ്ട് കൈയ്യടിപ്പിച്ച് ഇന്ന് ബാലയ്യ മുന്നേറുകയാണ്.
മോശം സിനിമകളും അതിനേക്കാൾ മോശം പ്രകടനങ്ങളുമായിരുന്നു ബാലയ്യ സിനിമകളുടെ പ്രത്യേകതകൾ. തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ നായികമാരോടൊപ്പമുള്ള റൊമാൻസ് സീനുകളും ചിരിപടർത്തിയ ഡാൻസും മലയാളികൾക്ക് ബാലയ്യയെ ട്രോളാനുള്ള കാരണങ്ങളായി. എന്നാൽ കോവിഡിന് ശേഷം സിനിമാപ്രേക്ഷകൾ കണ്ടത് ഒരു പുത്തൻ ബാലയ്യയെ ആയിരുന്നു. അക്ഷരാർത്ഥത്തിൽ 'ബാലയ്യ വേർഷൻ 2.O'. സിനിമകളിലും കഥാപാത്രനിർമിതിയിലും ഒരു അഴിച്ചുപണി ബാലയ്യയിലെ താരം നടത്തി. കൊമേർഷ്യൽ ഫോർമുലയിൽ ഊന്നി കഥപറയുമ്പോഴും കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഒരു മാജിക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
2021 ൽ പുറത്തിറങ്ങിയ 'അഖണ്ട' എന്ന സിനിമയായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ഒരു ടിപ്പിക്കൽ ബാലയ്യ പടം പ്രതീക്ഷിച്ച് എത്തിയവർക്ക് മുന്നിൽ സംവിധായകൻ ബോയപതി ശ്രീനു ഒരുക്കിവെച്ചത് ഒരു ട്രീറ്റ് തന്നെ ആയിരുന്നു. ഇരട്ട വേഷത്തിൽ ബാലയ്യ തകർത്താടിയ സിനിമയിലെ അഖണ്ട ഘോര എന്ന കഥാപാത്രം കൈയ്യടി വാങ്ങി. രണ്ടാം പകുതിയിൽ രോമാഞ്ചത്തിന്റെ കൊടുമുടി കയറ്റിയ മാസ് സീനുകളുമായി സിനിമ എത്തിയപ്പോൾ ബാലയ്യയുടെ കരിയറിലെ ആദ്യ 100 കോടി അഖണ്ഡയിലൂടെ പിറന്നു. ചിത്രത്തിലെ തമന്റെ ഗംഭീര പശ്ചാത്തലസംഗീതവും വിജയത്തിൽ വലിയ പങ്കുവഹിച്ചു.
തുടർന്നെത്തിയ 'വീര സിംഹ റെഡ്ഢി'യും, 'ഭഗവന്ത് കേസരി'യും ബാലയ്യയുടെ താരമൂല്യത്തെ വർധിപ്പിച്ചു. തുടർച്ചായി 100 കോടി ക്ലബ്ബിലെത്തി അയാൾ തന്റെ സ്റ്റാർപവർ മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തു. തെലുങ്കിലെ മറ്റു സീനിയർ താരങ്ങൾ ഒരു വിജയത്തിനായി അക്ഷമരായി കാത്തിരിക്കുമ്പോഴായിരുന്നു ബാലയ്യയുടെ ഈ കുതിപ്പ്. നടൻ വിജയ് ഭഗവന്ത് കേസരി അഞ്ച് തവണ കണ്ടെന്നും ദളപതി 69 ഈ സിനിമയുടെ റീമേക്ക് ആണെന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബാലയ്യ സിനിമകൾ കാണാനുള്ള പ്രേക്ഷകരുടെ കൗതുകവും കൂടി.
എന്നാൽ മലയാളികൾക്കിടയിൽ ബാലയ്യയെ ഇപ്പോൾ സ്വീകാര്യനാക്കിയത് 'ഡാക്കു മഹാരാജ്' എന്ന ചിത്രമാണ്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രം സ്ഥിരം മസാല ടെംപ്ളേറ്റ് സിനിമയാകുമ്പോഴും ഗംഭീര അവതാരണവും ബാലയ്യ എന്ന സൂപ്പർതാരത്തിന്റെ സ്ക്രീൻ പ്രെസെൻസ് കൊണ്ട് ഒരു മികച്ച എക്സ്പീരിയൻസ് ആയി മാറുന്നു. ഡാക്കു മഹാരാജ് എന്ന ടൈറ്റിൽ കഥാപാത്രമായി ബാലയ്യ എത്തിയപ്പോൾ സ്ഥിരം കത്തി ഫൈറ്റുകൾക്കും സീനുകൾക്കും ഇടവേള നൽകി ഭൂമിയിലേക്ക് പരമാവധി ഇറങ്ങി ചെയ്ത ബാലയ്യ കഥാപാത്രമായി അത് മാറി.
തമന്റെ ഗംഭീര മ്യൂസിക്ക് ഇവിടെയും അദ്ദേഹത്തിന് രക്ഷയായി. സിനിമയുടെ പൈറേറ്റഡ് കോപ്പി പ്രചരിച്ചതോടെ മലയാളികൾക്കിടയിൽ സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പുഷ്പ 2 വിനേക്കാൾ മികച്ച സിനിമയാണ് ഡാക്കു മഹാരാജ് എന്നും എന്തുകൊണ്ട് ഈ സിനിമയ്ക്ക് ഒരു കേരള റിലീസ് ഉണ്ടായില്ലെന്നുമാണ് മലയാളി പ്രേക്ഷകർ ചോദിക്കുന്നത്. അടുത്തതായി 'അഖണ്ട 2'വുമായി ബാലയ്യ എത്തുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത് മറ്റൊരു മികച്ച തിയേറ്റർ എക്സ്പീരിയൻസിന് കൂടിയാണ്.
Content Highlights: Balayya from troll material to superhero among malayalis