
സംഗീത സംവിധായകൻ ദീപക് നിർബന്ധിച്ചാണ് തന്നെക്കൊണ്ട് എമ്പുരാനിൽ പാടിപ്പിച്ചതെന്ന് ഗായകൻ ജോബ് കുര്യൻ. എന്നിൽ എനിക്ക് കോൺഫിഡൻസ് ഇല്ലെങ്കിലും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും എമ്പുരാനിൽ പാടാൻ സാധിച്ചത് ഭാഗ്യമാണെന്നും ജോബ് കുര്യൻ പറഞ്ഞു. മെെല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എമ്പുരാൻ സിനിമയിൽ ഞാൻ പാടിയിട്ടുണ്ട്. പൃഥ്വിയുടെ സിനിമയിൽ. അത് ഭാഗ്യമാണ്. ദീപക് സാർ വിളിച്ചു ഞാൻ ചെന്നു. സാർ ഞാൻ നോക്കാം എന്നാണ് ആദ്യം പറഞ്ഞത്. 'താൻ ചുമ്മാ പാടടോ, തനിക്ക് കോൺഫിഡൻസ് ഇല്ലേ, ഒരു അടി തന്നാൽ ഉണ്ടല്ലോ മര്യാദയ്ക്ക് പാടിക്കോ' എന്നാണ് സാറിന്റെ ഭാഗത്ത് നിന്ന് വന്ന റെസ്പോൺസ്. അവർക്ക് ഒക്കെ നമ്മളെ അത്രയും അറിയാം. ഞാൻ നാളെ വരാം മറ്റന്നാൾ വരാം എന്നൊക്കെ പറയും. പക്ഷേ താൻ പാടിക്കോ, ഞാൻ അല്ലേ ഇവിടെ ഇരിയ്ക്കുന്നത്, ഞാൻ എടുത്തോളാം എന്നൊക്കെ അദ്ദേഹം പറയും.
Exclusive: Job Kurian has sung a song in #Empuraan ❗️
— Content Media (@contentmedia__) February 17, 2025
Fun Fact: Prithviraj Sukumaran and Job Kurian are school mates.#Mohanlal #PrithvirajSukumaran pic.twitter.com/W5nn88ATZS
പുള്ളിയോട് എനിക്ക് ഒന്നും പറയാൻ പറ്റില്ല. കാരണം നമ്മുടെ ആദ്യത്തെ ഗുരു ആണ്. പത്തു കൊല്ലം മുന്നേ താൻ ഇത് തന്നെയല്ലേ പറഞ്ഞത് എന്നിട്ട് താൻ പാടിയ പാട്ടുകൾ ഹിറ്റല്ലേ എന്നൊക്കെ പറഞ്ഞ് എന്നെ ചാർജ് ചെയ്യും. പുള്ളി ആ പാട്ട് എന്നൊക്കൊണ്ട് പാടിച്ചെടുത്തു. പുള്ളിക്ക് എന്നിൽ കോൺഫിഡൻസ് ഉണ്ട് എനിക്ക് അല്പം കുറവാണ്,' ജോബ് കുര്യൻ പറഞ്ഞു.
മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗായകനാണ് ജോബ് കുര്യൻ. 2007-ൽ പുറത്തിറങ്ങിയ ഗോൾ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഉറുമി, ഇടുക്കി ഗോൾഡ്, ഓം ശാന്തി ഓശാന, ഹണി ബീ, കലി തുടങ്ങിയ ചിത്രങ്ങളിലെ ഇദ്ദേഹം ആലപിച്ച പാട്ടുകൾ ശ്രദ്ധ നേടിയിരുന്നു. അതേസമയം മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
Content Highlights: Job Kurian says he didn't have the confidence to sing in Empuran