
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് നടൻ മോഹൻലാൽ. ഉമാ തോമസ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും ഉമാ തോമസ് പറഞ്ഞു. ഒപ്പം മോഹൻലാലിന് നന്ദിയും ഉമാ തോമസ് അറിയിച്ചു.
'മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി!', ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
ഡിസംബര്‍ 29-നാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ഉമാ തോമസ് ആശുപത്രിയിലായത്. തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് ഉമാ തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. രണ്ടര മാസമെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടേഴ്സ് നിര്‍ദേശിച്ചിരിക്കുന്നത്.
Content Highlights: Mohanlal vists MLA Uma Thomas at her residence